Tuesday, July 28, 2026

AISH, ADAP, ഇൻകം സപ്പോർട്ട് ആനുകൂല്യങ്ങൾ ഇന്ന് അക്കൗണ്ടുകളിൽ; ഓഗസ്റ്റ് മുതൽ പുതിയ മാറ്റങ്ങൾ

എഡ്മിന്റൻ: ആൽബർട്ട സർക്കാരിന്റെ എ.ഐ.എസ്.എച്ച് (Assured Income for the Severely Handicapped), എ.ഡി.എ.പി (Alberta Disability Assistance Program), ഇൻകം സപ്പോർട്ട് പദ്ധതികളുടെ ഓഗസ്റ്റ് മാസത്തെ ആനുകൂല്യ തുക ഇന്ന് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തും. ഓരോ മാസത്തെയും ആദ്യ ദിവസത്തിന് നാല് പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പ് തുക വിതരണം ചെയ്യുന്ന പതിവ് ക്രമപ്രകാരമാണ് ഇത്തവണയും പണം കൈമാറുന്നത്.

ഗുരുതര വൈകല്യമുള്ളവർ, തൊഴിൽ ചെയ്യാൻ പരിമിതികളുള്ളവർ, അടിസ്ഥാന ജീവിതച്ചെലവുകൾക്ക് ആവശ്യമായ വരുമാനമില്ലാത്തവർ എന്നിവർക്കാണ് ഈ പദ്ധതികളിലൂടെ സാമ്പത്തിക സഹായം ലഭിക്കുന്നത്.

എ.ഐ.എസ്.എച്ച് പദ്ധതിയിലൂടെ പരമാവധി 1,940 ഡോളറും, എ.ഡി.എ.പി പദ്ധതിയിലൂടെ 1,740 ഡോളറുമാണ് പ്രതിമാസ ധനസഹായമായി അനുവദിക്കുന്നത്. എന്നാൽ എ.ഐ.എസ്.എച്ച് പദ്ധതിയിൽ നിന്ന് എ.ഡി.എ.പിയിലേക്ക് മാറിയ ഗുണഭോക്താക്കൾക്ക് 2027 ഡിസംബർ 31 വരെ 1,940 ഡോളർ തന്നെയാണ് ലഭിക്കുക.

ഓഗസ്റ്റ് മുതൽ കുട്ടികൾക്കുള്ള ആനുകൂല്യ നിരക്കുകളിലും മാറ്റം വരും. ആദ്യ കുട്ടിക്ക് 300 ഡോളർ അനുവദിക്കുമെന്നും തുടർന്ന് വരുന്ന കുട്ടികൾക്ക് നിശ്ചിത ശതമാനം കുറവുള്ള നിരക്കിൽ സഹായം ലഭിക്കുമെന്നും സർക്കാർ അറിയിച്ചു. ദമ്പതികൾ ഇരുവരും സഹായത്തിന് അർഹരാണെങ്കിൽ അനുവദിക്കുന്ന ആകെ തുകയുടെ 88 ശതമാനം വീതം ലഭിക്കും.

ധനസഹായം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിനാൽ ഭൂരിഭാഗം ഗുണഭോക്താക്കൾക്കും ഇന്നുതന്നെ തുക ലഭിക്കും. തപാൽ മുഖേന ചെക്ക് സ്വീകരിക്കുന്നവർക്ക് കാനഡ പോസ്റ്റിന്റെ വിതരണക്രമം അനുസരിച്ച് ചെറിയ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

നിശ്ചിത തീയതിയിൽ തുക ലഭിക്കാത്തവർ ആദ്യം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണം. പ്രശ്നം തുടരുകയാണെങ്കിൽ ആൽബർട്ട സപ്പോർട്ട്സ് കോൺടാക്റ്റ് സെന്ററുമായി (1-877-644-9992) ബന്ധപ്പെടണമെന്ന് സർക്കാർ നിർദേശിച്ചു.അതേസമയം, സെപ്റ്റംബർ മാസത്തെ ആനുകൂല്യ തുക ഓഗസ്റ്റ് 26ന് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!