Tuesday, July 28, 2026

ഇറാന്റെ ആണവ പദ്ധതികൾ ചർച്ചയാകും; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് നെതന്യാഹു

വാഷിങ്ടൺ: ഇറാന്റെ ആണവ പ്രവർത്തനങ്ങളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യവും ചർച്ച ചെയ്യുന്നതിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നിർണായക കൂടിക്കാഴ്ച നടത്തും. ഇറാൻ നയതന്ത്ര ചർച്ചകളിൽ ആത്മാർഥത കാണിക്കുന്നില്ലെന്നും രഹസ്യമായി ആണവ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുകയാണെന്നും ഇസ്രയേൽ അമേരിക്കയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇസ്രയേലിന്റെ പക്കലുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ട്രംപിന് മുന്നിൽ അവതരിപ്പിക്കുമെന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാൻ പിക്ആക്‌സ് മൗണ്ടൻ മേഖലയിലേക്ക് ആണവ ഉപകരണങ്ങളും സെൻട്രിഫ്യൂജുകളും മാറ്റിയെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ ഇറാൻ പിക്ആക്‌സ് മൗണ്ടനിലെ ഭൂഗർഭ കേന്ദ്രത്തിലേക്ക് ആണവ ഉപകരണങ്ങൾ മാറ്റിയതായി ഇസ്രയേലിന് തെളിവുകൾ ലഭിച്ചതായി വാൾ സ്ട്രീറ്റ് ജേണലും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

2020 മുതൽ നിർമ്മാണം പുരോഗമിക്കുന്നതായി കരുതുന്ന പിക്ആക്‌സ് മൗണ്ടനിലെ ഭൂഗർഭ സമുച്ചയം നതാൻസ് ആണവ കേന്ദ്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ സംഘർഷകാലത്ത് നതാൻസ് ആണവ കേന്ദ്രം ആക്രമണത്തിന് ഇരയായിരുന്നെങ്കിലും, പിക്ആക്‌സ് മൗണ്ടനെ ലക്ഷ്യമിട്ടിരുന്നില്ല. അവിടെ ആണവ പ്രവർത്തനങ്ങൾ നടക്കുന്നതിന് മതിയായ തെളിവില്ലായിരുന്നുവെന്നായിരുന്നു അന്ന് ട്രംപ് വ്യക്തമാക്കിയിരുന്നത്.

എന്നാൽ, പുതിയ രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിൽ വിഷയത്തിൽ അമേരിക്കയുടെ നിലപാട് കൂടുതൽ കടുപ്പിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച ലെബനൻ പ്രസിഡന്റ് ജോസഫ് ഔനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പിക്ആക്‌സ് മൗണ്ടനെ ലക്ഷ്യമിട്ട് നടപടിയെടുക്കാമെന്ന സൂചനയും ട്രംപ് നൽകിയിരുന്നു.

കൂടിക്കാഴ്ചയിൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം, ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ, ലെബനനിലും ഗാസയിലും വെടിനിർത്തൽ നിലനിർത്താനുള്ള ശ്രമങ്ങൾ എന്നിവയും ചർച്ചയാകുമെന്നാണ് വിവരം.ചൊവ്വാഴ്ചയും നെതന്യാഹു വാഷിങ്ടണിൽ തുടരും. വിവിധ ഔദ്യോഗിക പരിപാടികളിലും ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും അദ്ദേഹം പങ്കെടുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!