കാസർഗോഡ്: കാസർഗോഡ് എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ സ്വദേശിനി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കാസർഗോഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യശോദയ്ക്ക് എച്ച്1എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യശോദയുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കും സമാന ലക്ഷണങ്ങൾ പ്രകടമായതായി ആരോഗ്യവകുപ്പ്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലം ലഭിക്കുന്നതുവരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.സംഭവത്തെ തുടർന്ന് അജാനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ വൈകാതെ ചികിത്സ തേടണമെന്നും അധികൃതർ നിർദേശിച്ചു.

അടുത്തിടെ അജാനൂർ മേഖലയിൽ ഷിഗെല്ല രോഗലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് എച്ച്1എൻ1 സ്ഥിരീകരിക്കുകയും മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നത്. നിലവിൽ കാസർഗോഡ് ജില്ലയിൽ പനിബാധിതരുടെ എണ്ണം ഉയർന്ന നിലയിലാണെന്നും ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
