കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,155 രൂപയായി. പവന് 480 രൂപയുടെ കുറവുണ്ടായതോടെ ആഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നേരിയ ആശ്വാസമായി.അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില വലിയ ചാഞ്ചാട്ടമില്ലാതെ തുടരുകയാണ്. സ്പോട്ട് ഗോൾഡ് ഔൺസിന് 4,029.08 ഡോളറിലും ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 4,028.10 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനയവും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വരും ദിവസങ്ങളിലെ സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. വിപണി നിരീക്ഷകരിൽ ഭൂരിഭാഗവും ഫെഡ് പലിശനിരക്ക് നിലവിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നതിനാൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നില്ല.

ഇതിനിടെ, ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചികയായ നിഫ്റ്റി 0.9 ശതമാനം ഉയർന്നപ്പോൾ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 794 പോയിന്റ് നേട്ടം രേഖപ്പെടുത്തി.
എന്നാൽ ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രകടനമാണ് ഉണ്ടായത്. ദക്ഷിണകൊറിയയുടെ കൊസ്പി 8.17 ശതമാനവും ജപ്പാന്റെ നിക്കി 2.32 ശതമാനവും ഇടിഞ്ഞു. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.53 ശതമാനം താഴ്ന്നപ്പോൾ ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.
