ഒന്റാരിയോ: ടൊറന്റോയിലെ ബില്ലി ബിഷപ്പ് എയര്‍പോര്‍ട്ട് വികസനം ഫെഡറല്‍ സര്‍ക്കാര്‍ തള്ളിയതിനെത്തുടര്‍ന്ന് കാനഡയില്‍ ഭരണകൂടങ്ങള്‍ തമ്മില്‍ കടുത്ത ഭിന്നത.
ചില തീവ്ര ഗ്രൂപ്പുകളുടെ എതിര്‍പ്പിന് വഴങ്ങിയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നിരസിച്ചതെന്ന് ഒന്റാരിയോ ഗതാഗത മന്ത്രി പ്രഭ്മീത് സര്‍ക്കാരിയ കുറ്റപ്പെടുത്തി. വലിയ വികസന പദ്ധതികളോട് കേന്ദ്രം ഈ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ രാജ്യത്തെ മറ്റ് വന്‍കിട പദ്ധതികളൊന്നും നടപ്പിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ എയര്‍പോര്‍ട്ട് വികസനവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്ലി ബിഷപ്പ് എയര്‍പോര്‍ട്ടില്‍ റണ്‍വേ നീട്ടുന്നതിനെയും ജെറ്റ് വിമാനങ്ങള്‍ അനുവദിക്കുന്നതിനെയും 87 ശതമാനം ആളുകളും എതിര്‍ത്ത സര്‍വേ ഫലം ചൂണ്ടിക്കാണിച്ചാണ് ഫെഡറല്‍ ഗതാഗത മന്ത്രി സ്റ്റീവന്‍ മക്കിന്നന്‍ പദ്ധതി തള്ളിയത്. എന്നാല്‍ ഓഗസ്റ്റ് 31-ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലിബറല്‍ സര്‍ക്കാരിന്റെ ഈ പെട്ടെന്നുള്ള തീരുമാനമെന്ന് മുതിര്‍ന്ന രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.

അതേസമയം ഫെഡറല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നാലെ, ഫെഡറല്‍ സര്‍ക്കാരിന്റെ വന്‍കിട ഹൈസ്പീഡ് റെയില്‍ പദ്ധതിയായ ‘ആള്‍ട്ടോ’യ്ക്കുള്ള (Alto) പിന്തുണ പുനഃപരിശോധിക്കാന്‍ ഒന്റാരിയോ പ്രവിശ്യാ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ 11 ഒന്റാരിയോ എംപിപിമാര്‍ പദ്ധതിക്കെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി. പ്രാദേശിക കര്‍ഷകരുടെയും ജനങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കാതെയും ഭൂമി ഏറ്റെടുക്കല്‍ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാതെയും പദ്ധതി മുന്നോട്ട് കൊണ്ടുപോകരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ടൊറന്റോയെയും കെബെക് സിറ്റിയെയും ബന്ധിപ്പിച്ച് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഹൈസ്പീഡ് റെയില്‍ പദ്ധതിയും ബില്ലി ബിഷപ്പ് എയര്‍പോര്‍ട്ട് വികസനവും പരസ്പര ധാരണയോടെ മുന്നോട്ട് കൊണ്ടുപോകാനായിരുന്നു ഇരു സര്‍ക്കാരുകളും നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേസമയം, പദ്ധതിയില്‍ നിന്ന് പിന്മാറരുതെന്നും ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന ചരിത്രപരമായ നിക്ഷേപമാണിതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
