ന്യൂബ്രണ്‍സ്വിക്: യുഎസ് താരിഫ് ഭീഷണി നേരിടാന്‍ തന്റെ പ്രവിശ്യയുടെ കൈവശമുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാന്‍ തയ്യാറാണെന്ന് ന്യൂ ബ്രണ്‍സ്വിക് പ്രീമിയര്‍ സൂസന് ഹോള്‍ട്ട്. അനാവശ്യ താരിഫുകള്‍ കാനഡയുടെ സാമ്പത്തിക രംഗത്തെ തകര്‍ക്കുമെന്നും എല്ലാവരുടെയും ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്നും സൂസന് ഹോള്‍ട്ട് മുന്നറിയിപ്പ് നല്കി. ഒരു ഒത്തുതീര്‍പ്പില്‍ എത്തുന്നതിനായി കാനഡയെ സഹായിക്കാന്‍ ന്യൂ ബ്രണ്‍സ്വിക് എന്തും ചെയ്യാന്‍ സന്നദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എസിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിലേക്ക് ന്യൂ ബ്രണ്‍സ്വിക് കയറ്റുമതി ചെയ്യുന്ന ഊര്‍ജ്ജ വിതരണം ചര്‍ച്ചകളില്‍ ഒരു പ്രധാന ആയുധമായി ഉപയോഗിക്കുന്ന കാര്യവും പ്രവിശ്യയുടെ പരിഗണനയിലുണ്ട്. കൈവശമുള്ള സ്വാധീനം വളരെ തന്ത്രപരമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും പ്രീമിയര്‍ വ്യക്തമാക്കി. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൈവശമുണ്ടെന്ന അറിവ് ചര്‍ച്ചകളില്‍ മേല്‍ക്കൈ നല്കാന് സഹായിക്കും.

മദ്യം, ഇലക്ട്രോണിക്സ്, മൊളാസസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളെയും പ്രതിസന്ധി നേരിടുന്ന സോഫ്റ്റ്വുഡ് ലംബര്‍ മേഖലയെയും താരിഫ് ഭീഷണി നേരിട്ട് ബാധിക്കും. പുതിയ താരിഫ് മൂലം ന്യൂ ബ്രണ്‍സ്വികിലെ 112 മില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളെ ബാധിക്കുമെന്നാണ് പ്രീമിയറുടെ പ്രാഥമിക കണക്കുകൂട്ടല്‍. ബോക്സ് നിര്‍മ്മാണ മേഖലയിലുള്ള ഒരു പ്രാദേശിക സംരംഭകന് മാത്രം 44 മില്യണ്‍ ഡോളറിന്റെ ആഘാതമുണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം, യു.എസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഊര്‍ജ്ജ കയറ്റുമതിയെ ആയുധമാക്കുന്നത് അപകടകരമായ നീക്കമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രണ്‍സ്വികിലെ നിയമ അധ്യാപിക മരിയ പനേസി അഭിപ്രായപ്പെട്ടു. യു.എസിനെതിരെയുള്ള പ്രതികാര നടപടികളും വ്യാപാര യുദ്ധവും ഒഴിവാക്കണമെന്നാണ് അറ്റ്ലാന്റിക് ചേംബര്‍ ഓഫ് കൊമേഴ്സും ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകള് പരസ്പരബന്ധിതമായതിനാല്‍ ചര്‍ച്ചകളിലൂടെ കരാറിലെത്തുകയാണ് യു.എസിനും നല്ലതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
