ഓട്ടവ: ഫെഡറല്‍ സര്‍ക്കാരിന്റെ സ്വയം വിരമിക്കല്‍ പദ്ധതിക്കായി (Early Retirement Incentive Program) പതിനായിരത്തോളം ജീവനക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു. പെന്ഷന് തുകയില്‍ സാധാരണയായി വരുത്തുന്ന സ്ഥിരമായ കുറവുകള്‍ ഇല്ലാതെ തന്നെ വിരമിക്കാന്‍ യോഗ്യതയുള്ള 68,000 ഫെഡറല്‍ ജീവനക്കാര്‍ക്കാണ് ഈ അവസരം ലഭിച്ചിരുന്നത്. ജീവനക്കാരുടെ പ്രായവും സര്‍വീസ് കാലയളവും അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതിയിലേക്കുള്ള അപേക്ഷ സമര്‍പ്പണം ജൂലൈ 24-ന് അവസാനിച്ചു.
പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സര്‍ക്കാരിന്റെ 2025-ലെ ബജറ്റ് പ്രഖ്യാപനങ്ങളുടെ ഭാഗമായി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫെഡറല്‍ ജീവനക്കാരുടെ എണ്ണത്തില്‍ 4.5 ശതമാനം (ഏകദേശം 16,000 തസ്തികകള്‍) കുറവ് വരുത്താന്‍ ലക്ഷ്യമിട്ടിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിക്കായി 1.5 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതില്‍ പകുതി തുകയും ഈ വര്‍ഷം തന്നെ ചെലവാകും. അതേസമയം, പെന്ഷന് വിഹിതത്തില്‍ നിന്നുള്ള തുക ലാഭിക്കുന്നതിലൂടെ പ്രതിവര്‍ഷം നികുതിദായകര്‍ക്ക് ഏകദേശം 82 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ പബ്ലിക് സര്‍വീസിലെ ജീവനക്കാരുടെ എണ്ണം 3,30,000 ആയി കുറയ്ക്കുക എന്നതായിരുന്നു 2025 ബജറ്റിലെ ലക്ഷ്യം. എന്നാല്‍ മാര്‍ച്ച് അവസാനത്തിലെ കണക്കുകള്‍ പ്രകാരം കനേഡിയന്‍ ഫെഡറല്‍ സര്‍വീസില്‍ 3,45,000 ജീവനക്കാരുണ്ടായിരുന്നു. ജൂലൈ 28 വരെയുള്ള കണക്കുകള്‍ പ്രകാരം ലഭിച്ച 10,006 അപേക്ഷകളില്‍ 6,855 ജീവനക്കാര്‍ പൂര്‍ണ്ണ യോഗ്യത നേടുകയും 41 അപേക്ഷകള്‍ തള്ളുകയും ചെയ്തതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വരും മാസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി പദ്ധതി വഴി വിരമിക്കുന്ന ജീവനക്കാരുടെ അന്തിമ പട്ടിക 2027 ആദ്യത്തോടെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
