ഓട്ടവ: റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) സേവനങ്ങളുടെ ഭാവിയെക്കുറിച്ച് ഫെഡറൽ സർക്കാരുമായി ഉടൻ ചർച്ചകൾ ആരംഭിക്കണമെന്ന് കാനഡയിലെ പ്രവിശ്യാ ഭരണാധികാരികൾ .നിലവിലുള്ള കരാറുകൾ 2032 മാർച്ച് 31-ന് അവസാനിക്കാനിരിക്കെ, വർദ്ധിച്ചുവരുന്ന ചെലവുകളും ജീവനക്കാരുടെ കുറവും പരിഹരിക്കാൻ അടിയന്തര ചർച്ചകൾ വേണമെന്നാണ് ആവശ്യം.
ചാർലറ്റ്ടൗണിൽ ചേർന്ന കൗൺസിൽ ഓഫ് ദി ഫെഡറേഷൻ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് പ്രവിശ്യാ നേതാക്കളുടെ ആവശ്യം. പൊലീസ് ജീവനക്കാരുടെ കുറവ്, ഒഴിവുകൾ, വർധിച്ചുവരുന്ന ചെലവുകൾ, ഭരണപരമായ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി പ്രസ്താവനയിൽ വ്യക്തമാക്കി.

കരാർ പുതുക്കൽ ചർച്ചകൾ ഉടൻ വേണം
കാനഡയിലെ എട്ട് പ്രവിശ്യകളും മൂന്ന് ടെറിട്ടറികളും ഏകദേശം 150 മുനിസിപ്പാലിറ്റികളും പ്രാദേശിക പൊലീസ് സേവനങ്ങൾക്കായി ആർസിഎംപിയുമായി കരാറിലുണ്ട്. നിലവിലെ കരാർ പ്രകാരം ചെലവിന്റെ 70 ശതമാനം പ്രവിശ്യകളും ടെറിട്ടറികളും വഹിക്കുമ്പോൾ ബാക്കി 30 ശതമാനം ഫെഡറൽ സർക്കാർ വഹിക്കുന്നു. ഈ കരാറുകളാണ് 2032ൽ അവസാനിക്കുന്നത്.
കരാർ അവസാനിക്കുന്നതിന് ഇനിയും വർഷങ്ങൾ ബാക്കിയുണ്ടെങ്കിലും, പൊലീസ് റിക്രൂട്ട്മെന്റ്, അടിസ്ഥാന സൗകര്യങ്ങൾ, ബജറ്റ് ആസൂത്രണം തുടങ്ങിയ കാര്യങ്ങൾക്ക് ദീർഘകാല തയ്യാറെടുപ്പ് ആവശ്യമാണെന്നും അതിനാൽ ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നും പ്രവിശ്യകൾ ആവശ്യപ്പെടുന്നു.
ആർസിഎംപിയുടെ പങ്കിനെക്കുറിച്ച് ചർച്ചകൾ തുടരുന്നു
പ്രാദേശിക പൊലീസ് സേവനങ്ങളിൽ നിന്ന് ആർസിഎംപിയെ പൂർണമായി ഒഴിവാക്കി ഫെഡറൽ കുറ്റകൃത്യങ്ങൾ മാത്രം അന്വേഷിക്കുന്ന സ്ഥാപനമാക്കണമോ എന്നതിനെക്കുറിച്ച് വർഷങ്ങളായി ചർച്ചകൾ തുടരുകയാണ്. ചാരവൃത്തി, ഭീകരവാദം, സൈബർ കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയാണ് ആർസിഎംപിയുടെ ഫെഡറൽ ചുമതലകളിൽ ഉൾപ്പെടുന്നത്.
ഫ്രണ്ട്ലൈൻ പൊലീസ് സേവനങ്ങളിൽ ആർസിഎംപിയുടെ പങ്ക് നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, എന്നാൽ ഫെഡറൽ കുറ്റാന്വേഷണ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നത് മുൻഗണനയാണെന്നും പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരീ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചില പ്രവിശ്യകളിൽ ആർസിഎംപിയിൽ പുനഃപരിശോധന
ആർസിഎംപി കരാറുകളെക്കുറിച്ച് ചില പ്രവിശ്യകൾ പുനഃപരിശോധന നടത്തുകയാണ്. ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരം 2024ൽ ആർസിഎംപി സേവനത്തിൽ നിന്ന് മാറി സ്വന്തം പൊലീസ് സേന ആരംഭിച്ചിരുന്നു.
ആൽബർട്ടയും സ്വന്തം പൊലീസ് സേവനം രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. അതേസമയം, ബ്രിട്ടീഷ് കൊളംബിയ, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ, ന്യൂബ്രൺസ് വിക് തുടങ്ങിയ പ്രവിശ്യകൾ പുതിയ കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ വേഗത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

ജീവനക്കാരുടെ കുറവ് പ്രധാന വെല്ലുവിളി
ആർസിഎംപിയിലെ ജീവനക്കാരുടെ കുറവ് പ്രധാന ആശങ്കയായി തുടരുകയാണ്. ഫെഡറൽ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ, ആവശ്യത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും നിലവിലുള്ള അംഗങ്ങളെ കാര്യക്ഷമമായി വിന്യസിക്കാനും ആർസിഎംപിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.ഫ്രണ്ട്ലൈൻ പൊലീസ് ഉദ്യോഗസ്ഥരുടെ ദീർഘകാല കുറവ് സേവന നിലവാരത്തെയും ഉദ്യോഗസ്ഥരുടെ ആരോഗ്യത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
2032ന് ശേഷമുള്ള ആർസിഎംപി കരാറുകളുടെ ഭാവി സംബന്ധിച്ച് ഫെഡറൽ സർക്കാർ പ്രവിശ്യകളുമായി ചർച്ചകൾ തുടരുകയാണെന്ന് പബ്ലിക് സേഫ്റ്റി വകുപ്പ് അറിയിച്ചു. എന്നാൽ ഔദ്യോഗിക ചർച്ചകൾ എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
