Friday, July 31, 2026

അഭയാർഥി പ്രവാഹം രൂക്ഷം; സ്‌പെയിനിനെ ഷെങ്കൻ കരാറിൽ നിന്ന് പുറത്താക്കണമെന്ന് ഇറ്റലി

റോം: അഭയാർഥി പ്രവാഹം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്‌പെയിനിനെതിരെ കടുത്ത നിലപാടുമായി ഇറ്റലി. മൊറോക്കോയിൽ നിന്ന് സ്‌പെയിനിലെ സെയൂട്ട (Ceuta) മേഖലയിലേക്ക് വലിയ തോതിൽ അഭയാർഥികൾ കടന്നതിനെ തുടർന്ന് സ്‌പെയിനിനെ ഷെങ്കൻ (Schengen) കരാറിൽ നിന്ന് പുറത്താക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു.

അഭയാർഥി പ്രശ്‌നം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടുവെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ആരോപണം. ഷെങ്കൻ മേഖലയുടെ അതിർത്തി സുരക്ഷയിൽ വീഴ്ച വരുത്തുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ ആവശ്യമാണെന്നും ജോർജിയ മെലോണി.

യൂറോപ്പിലെ 29 രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെങ്കൻ മേഖലയിൽ അംഗരാജ്യങ്ങൾക്കിടയിൽ സാധാരണയായി പാസ്‌പോർട്ട് പരിശോധനകളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനാകും. ഒരു അംഗരാജ്യത്തിലേക്ക് പ്രവേശനാനുമതി ലഭിച്ചാൽ മറ്റ് ഷെങ്കൻ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതാണ് അഭയാർഥി വിഷയത്തിൽ ചില രാജ്യങ്ങൾ ആശങ്ക ഉയർത്താൻ കാരണമാകുന്നത്.

സ്‌പെയിനുമായുള്ള ഷെങ്കൻ കരാർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള അസാധാരണ നടപടികൾ പരിഗണിക്കാൻ ഇറ്റലി തയ്യാറാണെന്ന് മെലോണി വ്യക്തമാക്കി. അഞ്ച് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള സ്‌പെയിൻ സർക്കാരിന്റെ നീക്കം തെറ്റായ സന്ദേശം നൽകുമെന്നും ഇത് മനുഷ്യക്കടത്തിന് പ്രോത്സാഹനം നൽകുമെന്നും ഇറ്റലി ആരോപിച്ചു.

ഇറ്റലിയുടെ നിലപാടിന് പിന്തുണയുമായി ഫിൻലൻഡും രംഗത്തെത്തി. ഷെങ്കൻ മേഖലയിലെ പുറം അതിർത്തികൾ സംരക്ഷിക്കുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടുവെന്നും അതിർത്തി നിയന്ത്രണത്തിൽ വീഴ്ച വരുത്തുന്ന രാജ്യങ്ങളുടെ അംഗത്വം പുനഃപരിശോധിക്കണമെന്നും ഫിൻലൻഡ് ആഭ്യന്തര മന്ത്രി മാരി രന്താനൻ അഭിപ്രായപ്പെട്ടു.

അതേസമയം, ഇറ്റലിയുടെ വിമർശനങ്ങൾ സ്‌പെയിൻ തള്ളിക്കളഞ്ഞു. കുടിയേറ്റ വിഷയത്തെ ചില ഇറ്റാലിയൻ നേതാക്കൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സ്‌പെയിൻ വിദേശകാര്യ മന്ത്രി ജോസ് ലൂയിസ് അൽബാരസ് ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ആവശ്യമായത് രാഷ്ട്രീയ ആരോപണങ്ങളല്ലെന്നും പരസ്പര സഹകരണവും ഐക്യദാർഢ്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ ഷെങ്കൻ സംവിധാനം തന്നെ താൽക്കാലികമായി നിർത്തിവെക്കണമെന്ന ആവശ്യവുമായി ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയും രംഗത്തെത്തി. കുടിയേറ്റ നയം സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങൾക്കിടയിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!