ഓട്ടവ: ഗ്രേറ്റര്‍ ഗോള്‍ഡന്‍ ഹോര്‍ഷൂ (Greater Golden Horseshoe) മേഖലയില്‍ അതിശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി എന്‍വയോണ്‍മെന്റ് കാനഡ. മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശിക്കുന്ന ‘റെഡ്’ കാറ്റഗറി ടൊര്‍ണാഡോ മുന്നറിയിപ്പാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സെന്റ് കാതറിന്‍സ് (St. Catharines), ഗ്രിംസ്ബി (Grimsby), വെല്ലന്‍ഡ് (Welland), നയാഗ്ര പ്രവിശ്യയിലെ മറ്റ് പ്രധാന ഭാഗങ്ങള്‍ എന്നിവടങ്ങളിലാണ് ചുഴലിക്കാറ്റd ആഞ്ഞടിക്കാന്‍ സാധ്യതയുളളതായി പ്രവചിച്ചിരിക്കുന്നത്.
അതിശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചുഴലിക്കാറ്റിനൊപ്പം വലിയ ആലിപ്പഴ വീഴ്ചയും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. നിലവിലുള്ള സാഹചര്യം ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്നത്ര അപകടകരമാണെന്നും എന്‍വയോണ്‍മെന്റ് കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രദേശവാസികള്‍ ഉടന്‍ തന്നെ സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ ഏജന്‍സി ആവശ്യപ്പെട്ടു. വീടുകളിലോ കെട്ടിടങ്ങളിലോ ഉള്ളവര്‍ ഉടന്‍ തന്നെ ബേസ്മെന്റുകളിലോ, കെട്ടിടത്തിന്റെ ഉള്ളിലെ സുരക്ഷിതമായ മുറികളിലോ അഭയം തേടണം. സുരക്ഷിതമായ കെട്ടിടങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ തുറസ്സായ സ്ഥലങ്ങളിലുള്ളവര്‍ താഴ്ന്ന പ്രദേശങ്ങളില്‍ കിടന്ന്, പറന്നുവരുന്ന അവശിഷ്ടങ്ങള്‍ പതിക്കാത്ത വിധം സുരക്ഷിതമായി ഇരിക്കാനും നിര്‍ദേശമുണ്ട്.

അതേസമയം ജലാശയങ്ങളില്‍ ഉള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബോട്ടിംഗിലും മറ്റ് വിനോദങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉടന്‍ തന്നെ കരയിലേക്ക് മടങ്ങാനോ ടൊര്‍ണാഡോയുടെ പാതയില്‍ നിന്ന് മാറി സഞ്ചരിക്കാനോ ശ്രദ്ധിക്കണം. ഇതിന് സാധിക്കാത്ത പക്ഷം ലൈഫ് ജാക്കറ്റ് ധരിച്ച്, കമിഴ്ന്നു കിടന്ന് തല സുരക്ഷിതമായി മറച്ചുപിടിക്കണമെന്ന് അധികൃതര്‍ ആഹ്വാനം ചെയ്തു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രാദേശിക ഭരണകൂടങ്ങളും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.
