ഡൽഹി: ഇന്ത്യ,ചൈന,ഭൂട്ടാൻ അതിർത്തി മേഖലയിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനായി വടക്കൻ ബംഗാളിൽ 17 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റെയിൽവേ പാതയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ഖുനിയ മോർ മുതൽ ജൽധാക്ക വരെ നിർമിക്കുന്ന പദ്ധതിക്കായി 272 കോടി രൂപയാണ് റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
സിലിഗുരി എംപി രാജു ബിസ്തയാണ് പദ്ധതിയുടെ വിശദാംശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഖുനിയ മോറിൽ നിന്ന് ആരംഭിക്കുന്ന റെയിൽപാത ജൽപായ്ഗുരി, കാലിംപോങ് വനമേഖലകളിലൂടെ കടന്നുപോകും. അതിർത്തി പ്രദേശങ്ങളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വടക്കൻ ബംഗാളിലെ ഡൂവാർസ് മേഖലയിലെ വിനോദസഞ്ചാര വികസനത്തിനും പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന ഡോക്‌ലാം മേഖലയ്ക്ക് സമീപത്തുകൂടിയാണ് പുതിയ റെയിൽപാത കടന്നുപോകുന്നത്. 2017-ൽ ഇന്ത്യയും ചൈനയും തമ്മിൽ സൈനിക സംഘർഷത്തിന് വേദിയായ പ്രദേശമായതിനാൽ ഈ പദ്ധതി തന്ത്രപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അതിർത്തി മേഖലയിൽ ചൈന അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും പ്രതിരോധ-ഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ റെയിൽപാത ഒരുങ്ങുന്നത്.

അതിർത്തി മേഖലയെ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ വിഭാവനം ചെയ്യുന്ന 200 കിലോമീറ്റർ നീളമുള്ള തന്ത്രപ്രധാന റെയിൽ ശൃംഖലയുടെ പ്രാരംഭ പദ്ധതികളിലൊന്നായും ഇത് കണക്കാക്കപ്പെടുന്നു. മൺസൂൺ അവസാനിച്ചതിന് ശേഷം റെയിൽവേയും പശ്ചിമ ബംഗാൾ വനംവകുപ്പും സംയുക്തമായി പദ്ധതിയുടെ സർവേ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം.
നിലവിൽ നിർമാണം പുരോഗമിക്കുന്ന സിവോക്ക്–രംഗ്പോ റെയിൽവേ പദ്ധതിക്ക് പുറമെ, ചൈന അതിർത്തി മേഖലയിലേക്കുള്ള രണ്ടാമത്തെ പ്രധാന റെയിൽവേ പദ്ധതിയായിരിക്കും ഖുനിയ മോർ–ജൽധാക്ക പാത. പ്രതിരോധ ആവശ്യങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര വികസനത്തിനും ഒരുപോലെ ഗുണകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
