ഓട്ടവ:ഹരിതോർജ്ജ സാങ്കേതികവിദ്യയിലും ഇലക്ട്രിക് വാഹന മേഖലയിലും ചൈനയുമായുള്ള സഹകരണം ശക്തമാക്കാൻ കാനഡ തന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കനേഡിയൻ വിപണിയിൽ പ്രവേശനം അനുവദിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും ഹരിത സാങ്കേതികവിദ്യയിലും നിർമാണ മേഖലയിലും പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വ്യവസായ മന്ത്രി മെലാനി ജോളി ബെയ്ജിങ്ങിലെത്തി പ്രമുഖ ചൈനീസ് ഇ.വി കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. നവംബറിൽ കാനഡയിൽ നിന്നുള്ള ബിസിനസ് പ്രതിനിധി സംഘം ചൈന സന്ദർശിക്കാനും പദ്ധതിയുണ്ട്.
സൗരോർജ്ജ പാനലുകൾ, കാറ്റാടി ഉപകരണങ്ങൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ എന്നിവയുടെ ആഗോള ഉൽപ്പാദനത്തിൽ ചൈനയുടെ മേൽക്കൈയാണ് കാനഡയുടെ പുതിയ നയതന്ത്ര നീക്കത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ആഗോള ഇ.വി വിപണിയിൽ ബി.വൈ.ഡി ടെസ്ലയെ പിന്തള്ളിയ സാഹചര്യവും ചൈനയുടെ സാങ്കേതിക മികവിന് കൂടുതൽ കരുത്തേകിയിട്ടുണ്ട്.
ചൈനയുടെ ആധുനിക ബാറ്ററി സാങ്കേതികവിദ്യയും കാനഡയുടെ സമ്പന്നമായ കോപ്പർ, കൊബാൾട്ട്, ക്രോമിയം ഉൾപ്പെടെയുള്ള ധാതു വിഭവങ്ങളും സംയോജിപ്പിക്കുന്നത് ഇരുരാജ്യങ്ങൾക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് വിദഗ്ധരായ ബിജൻ അഹ്മദിയും മോ കബ്ബാരയും അഭിപ്രായപ്പെട്ടു. ഇതുവഴി കാനഡയ്ക്ക് ആഭ്യന്തര വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനും ഹരിതോർജ്ജ വ്യവസായത്തിൽ മത്സരശേഷി വർധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഈ സഹകരണത്തിന്റെ ഭാഗമായി നോവസ്കോഷയിലെ സിഡ്നിയിൽ എൻവിഷൻ എനർജിയും കേപ് ബ്രെട്ടൺ ചൈന കോർപ്പും ചേർന്ന് ഹൈബ്രിഡ് കാറ്റാടി-ബാറ്ററി സംഭരണ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിതോർജ്ജ സംഭരണ ശേഷി വർധിപ്പിക്കുന്നതിൽ ഈ പദ്ധതി നിർണായകമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, കുറഞ്ഞ വിലയിലുള്ള ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ആഭ്യന്തര വാഹന നിർമാതാക്കൾക്ക് വെല്ലുവിളിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സുരക്ഷയും ഡാറ്റാ സ്വകാര്യതയും സംബന്ധിച്ച ആശങ്കകളും ചില മേഖലകൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ചൈനീസ് ഹാർഡ്വെയറിനൊപ്പം കനേഡിയൻ സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഹരിത സമ്പദ്വ്യവസ്ഥയിലേക്ക് വേഗത്തിൽ മാറുന്നതിനും പ്രായോഗിക നയതന്ത്ര സമീപനമാണ് കാനഡ സ്വീകരിക്കുന്നതെന്ന് ക്ലീൻ എനർജി കാനഡ എക്സിക്യൂട്ടീവ് ഡയറക്ടർ റേച്ചൽ ഡൊറാൻ അഭിപ്രായപ്പെട്ടു.
