ന്യൂഡല്‍ഹി: തായ്ലാന്റിലെ ഫുക്കറ്റില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ട് (Turbulence) 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. എയര്‍ബസ് A320 വിമാനമായ AI2379 ആണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ പെട്ടെന്നുണ്ടായ കുലുക്കത്തിന് ശേഷവും വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതായി ഫ്ലൈറ്റ്റേഡാര്‍24 (Flightradar24) വ്യക്തമാക്കുന്നു.
വിമാനം പെട്ടെന്ന് വന്‍തോതില്‍ താഴേക്ക് പതിക്കുകയും കുലുങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് ഉയര്‍ന്നുപോയ യാത്രക്കാരുടെ തലയിടിച്ചാണ് വിമാനത്തിനുള്ളിലെ സീലിംഗിന് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററിലേക്ക് ഉടന്‍ മാറ്റി പ്രാഥമിക ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ സീലിംഗില്‍ വിള്ളലുകള്‍ വീണ നിലയിലുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ പ്രതികരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും, പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും പരിചരണവും നല്‍കുന്നുണ്ടെന്നും വക്താവ് അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ബന്ധപ്പെട്ട വിമാനത്താവള അധികൃതരുമായും വ്യോമയാന വകുപ്പുമായും പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
