ചെന്നൈ: നടി തൃഷയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശ കേസില്‍ കസ്റ്റഡിയിലെടുത്ത ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു. ഉദയനിധിയെ റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന് സ്റ്റേഷന് ജാമ്യം നല്കാന് തയ്യാറാണെന്ന സര്‍ക്കാരിന്റെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കാന്‍ അനുവദിക്കുകയും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
നേരത്തെ ചെന്നൈ നീലാങ്കരയിലെ വസതിയില്‍ നിന്നാണ് തഞ്ചാവൂര്‍ പൊലീസ് ഉദയനിധിയെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് 12 മണി വരെ നടപടികള്‍ പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം മറികടന്നായിരുന്നു പൊലീസിന്റെ ഈ തിടുക്കപ്പെട്ട നീക്കം. കസ്റ്റഡിയിലെടുത്തതിന് ശേഷം വാനില്‍ തഞ്ചാവൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം തടഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമുയര്‍ത്തി. അതേസമയം, താന്‍ വിജയ്യെയോ തൃഷയെയോ കുറിച്ച് മോശം പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ഉദയനിധിയുടെ പ്രതികരണം.

നാളെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഉദയനിധിയെ സഭയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ അറസ്റ്റിന് പിന്നിലെന്ന് ഡിഎംകെ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ഉദയനിധിക്കെതിരെ തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗവും, സര്‍ക്കാരിനും ടിവികെയ്ക്കുമെതിരെ ഡിഎംകെ പ്രവര്‍ത്തകരും തെരുവിറങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
