Tuesday, August 4, 2026

പുതിയ താരിഫ് നയം: ട്രംപിനെതിരേ യുഎസിലെ 25 സംസ്ഥാനങ്ങള്‍ കോടതിയിലേക്ക്

വാഷിങ്ടണ്‍: ഇന്ത്യയും കാനഡയും ഉള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ‘സെക്ഷന്‍ 301’ അധിക നികുതിക്കെതിരെ അമേരിക്കയില്‍ വന്‍ നിയമപോരാട്ടം. ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള 25 യുഎസ് സംസ്ഥാനങ്ങളുടെ കൂട്ടായ്മ യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയെ (US Court of International Trade) സമീപിച്ചു. പുതിയ തീരുവ വര്‍ധന രാജ്യത്തുടനീളമുള്ള സാധാരണ ഉപഭോക്താക്കള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ്, ഗവര്‍ണര്‍ കാത്തി ഹോചുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ആഗോള വ്യാപാരത്തില്‍ നിര്‍ബന്ധിത തൊഴില്‍ രീതികള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് 60 രാജ്യങ്ങള്‍ക്കുമേല്‍ കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം 10 ശതമാനം മുതല്‍ 12.5 ശതമാനം വരെ പുതിയ തീരുവ ചുമത്തിയത്. ജൂലൈ 24-ന് കാലാവധി അവസാനിച്ച 10 ശതമാനം ആഗോള തീരുവയ്ക്ക് പകരമായാണ് ഈ നടപടി കൊണ്ടുവന്നത്. നിയമവിരുദ്ധമായി ചുമത്തിയ ഈ നികുതി വര്‍ധനവ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

തീരുവ നടപടികളുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ക്ക് നിലവില്‍ 10 ശതമാനം തീരുവയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് നേരത്തെ 12.5 ശതമാനം തീരുവയായിരുന്നു നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും, നിര്‍ബന്ധിത തൊഴിലിലൂടെ നിര്‍മിക്കുന്ന ചരക്കുകളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ജൂണ്‍ 14-ന് ഇന്ത്യ വിദേശ വ്യാപാര നയം ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണ് നിരക്ക് 10 ശതമാനമായി കുറച്ചത്. 1974-ലെ വ്യാപാര നിയമത്തിലെ ‘സെക്ഷന്‍ 301’ വകുപ്പാണ് ഇതിനായി ഭരണകൂടം ഉപയോഗിക്കുന്നത്.

എന്നാല്‍, നിര്‍ബന്ധിത തൊഴില്‍ തടയുക എന്നതിനേക്കാള്‍ മുന്‍പ് പരാജയപ്പെട്ട സമഗ്ര തീരുവകള്‍ വീണ്ടും നടപ്പിലാക്കാനുള്ള മറയായാണ് ഭരണകൂടം ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നതെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. യാതൊരു വ്യക്തമായ മാനദണ്ഡവുമില്ലാതെയാണ് നികുതി ചുമത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്കെതിരെ തീരുവ ന്യായീകരിക്കുന്നതിനായി നിര്‍ബന്ധിത തൊഴിലിലൂടെ നിര്‍മിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ഉത്പന്നങ്ങള്‍ മാത്രമാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!