കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ഷഹീൻ, നിതിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇതോടെ കേസിൽ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 16 ആയി.മെയ് 25-നാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മെയ് 27-ന് ആകെ 25 പേരെ അറസ്റ്റ് ചെയ്തിരുന്നു. സെഷൻസ് കോടതി രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ ആദ്യം ഒൻപത് പ്രതികൾക്കും പിന്നീട് നാല് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രണ്ട് പേർക്ക് കൂടി ജാമ്യം ലഭിച്ചതോടെ ആകെ 16 പ്രതികളാണ് ജാമ്യത്തിലായത്. ഇനി ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കാനുള്ളത്.വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും അന്വേഷണം അവസാന ഘട്ടത്തിലായതിനാൽ പ്രതികളെ തുടർന്നും കസ്റ്റഡിയിൽ വെക്കേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ആദ്യഘട്ടത്തിൽ ജാമ്യം അനുവദിച്ച പ്രതികൾക്ക് ബാധകമാക്കിയ മാനദണ്ഡങ്ങൾ തന്നെയാണ് ഷഹീനിനും നിതിൻ രാജിനും ബാധകമാക്കിയതെന്ന് കോടതി വ്യക്തമാക്കി.
