Wednesday, August 5, 2026

മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം; സക്കര്‍ബര്‍ഗ് മൂന്ന് ദിവസത്തിനകം ക്ഷമാപണം നടത്തണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വിഡിയോ ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക് സക്കര്‍ബര്‍ഗ് മൂന്ന് ദിവസത്തിനകം സോപാധികമല്ലാത്ത ക്ഷമാപണം നടത്തണമെന്ന് ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് രാജ്യത്തെ യുവാക്കള്‍ക്ക് പ്രധാനമന്ത്രി ഉറപ്പുനല്‍കുന്ന വിഡിയോ താല്‍ക്കാലികമായി കാണാതായ സംഭവത്തിലാണ് പാര്‍ലമെന്ററി സമിതി കടുത്ത നിലപാടെടുത്തത്.ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള ഐടി പാര്‍ലമെന്ററി സമിതി, മെറ്റാ പ്രതിനിധികളെ വിളിച്ചുവരുത്തി അതിരൂക്ഷമായ ചോദ്യശരങ്ങളാണ് ഉന്നയിച്ചത്.

സാങ്കേതിക തകരാറ് മൂലമാണ് വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും സംഭവത്തില്‍ ഖേദിക്കുന്നതായും മെറ്റാ പ്രതിനിധികള്‍ കമ്മിറ്റിയെ അറിയിച്ചെങ്കിലും ഈ വിശദീകരണം തൃപ്തികരമല്ലെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സമിതി അംഗങ്ങളും വ്യക്തമാക്കി. ഉത്തരവാദികളായ വ്യക്തികളെ കണ്ടെത്തി കൃത്യമായ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം സക്കര്‍ബര്‍ഗ് നേരിട്ട് ക്ഷമാപണം നടത്തിയില്ലെങ്കില്‍ വിവരസാങ്കേതികവിദ്യ നിയമത്തിലെ (IT Act) സെക്ഷന്‍ 79 പ്രകാരം മെറ്റാ കമ്പനികള്‍ക്ക് ലഭിക്കുന്ന നിയമപരിരക്ഷ (Safe Harbour) പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി.

ഫെയ്‌സ്ബുക്ക് പോലെയുള്ള മധ്യവര്‍ത്തി പ്ലാറ്റ്ഫോമുകള്‍ക്ക് ഉപയോക്താക്കളുടെ പോസ്റ്റുകളുടെ ഉത്തരവാദിത്തത്തില്‍നിന്ന് നിയമപരമായ സംരക്ഷണം നല്‍കുന്ന വകുപ്പാണിത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പോസ്റ്റ് മണിക്കൂറുകളോളം കാണാതായത് ഗുരുതരമായ വീഴ്ചയാണെന്നും ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തണമെന്നും പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു. മുന്‍പും സമാന രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കമ്മിറ്റി, സംഭവത്തില്‍ കൃത്യമായ മറുപടിയും വിശദീകരണവും ലഭ്യമാക്കാന്‍ മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!