കിച്ച്നര്‍: കാനഡയിലെ ഗ്രീന്‍ പാര്‍ട്ടി (Green Party of Canada) നേതൃത്വത്തിലേക്ക് മുന്‍ കിച്ച്നര്‍-സെന്റര്‍ പാര്‍ലമെന്റ് അംഗം മൈക്ക് മോറിസ് (Mike Morrice) മത്സരരംഗത്ത്. പാര്‍ട്ടിയുടെ പുതിയ തലവനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ അംഗീകാരം ലഭിച്ച രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി മോറിസ് രംഗത്തുണ്ടാകും. 2025 നവംബറില്‍ റെയിന്‍ബോ ഐസിനൊപ്പം (Rainbow Eyes) ഗ്രീന്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍മാരില്‍ ഒരാളായി മോറിസ് ചുമതലയേറ്റിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കനേഡിയന്‍ ഗ്രീന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വലിയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2006 മുതല്‍ പാര്‍ട്ടിയെ നയിച്ചിരുന്ന എലിസബത്ത് മേയ് (Elizabeth May) സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2019-ല്‍ അന്നമി പോള്‍ (Annamie Paul) പാര്‍ട്ടി തലപ്പത്തെത്തിയെങ്കിലും അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2021-ല്‍ അവര്‍ രാജിവെച്ചു. പിന്നീട് 2022-ല്‍ എലിസബത്ത് മേയ് വീണ്ടും നേതൃത്വത്തിലേക്ക് തിരിച്ചെത്തുകയും ജൊനാഥന് പെഡ്നോയ്ക്കൊപ്പം (Jonathan Pedneault) കോ-ലീഡര്‍ഷിപ്പ് (സഹ-നേതൃത്വ) മാതൃക കൊണ്ടുവരികയും ചെയ്തു. എന്നാല്‍ 2025-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമായി ചുരുങ്ങിയതോടെ എലിസബത്ത് മേയിയും പെഡ്നോയും സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് 2026 നവംബറില്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ വഴിതുറന്നത്.

2021-ലാണ് മോറിസ് കിച്ച്നര്‍ സെന്ററില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒന്റാറിയോയില്‍ നിന്നുള്ള ഗ്രീന്‍ പാര്‍ട്ടിയുടെ ഏക എം.പിയായിരുന്നു അദ്ദേഹം. ഭവന നിര്‍മ്മാണം, ഭിന്നശേഷി ക്ഷേമം എന്നീ മേഖലകളില്‍ പാര്‍ട്ടിയുടെ പ്രധാന വക്താവായി പ്രവര്‍ത്തിച്ചു. എന്നാല്‍ 2025-ലെ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി കെല്ലി ഡെറിഡറോട് (Kelly DeRidder) വെറും 375 വോട്ടുകളുടെ നിസ്സാര വ്യത്യാസത്തിലാണ് മോറിസ് പരാജയപ്പെട്ടത്.
നേതൃത്വ തിരഞ്ഞെടുപ്പ് നവംബറില്‍
ഗ്രീന്‍ പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് 2026 നവംബര്‍ 2 മുതല്‍ നവംബര്‍ 13 വരെ റാങ്ക്ഡ് ബാലറ്റ് (Ranked ballot) രീതിയില്‍ നടക്കും. വിജയിയെ നവംബര്‍ 14-ന് പ്രഖ്യാപിക്കും. ഒറ്റയ്ക്കോ അതോ സഹ-നേതാക്കളായോ മത്സരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്. കാനഡയുടെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്കാന് പുതിയ നേതൃത്വത്തിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരരംഗത്തുള്ള എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പൂര്‍ണ്ണമായ പട്ടിക ബുധനാഴ്ച പുറത്തുവിടും.
