റിയാദ്: സൗദി അറേബ്യയിലെ അതിര്‍ത്തി നഗരമായ നജ്റാനില്‍ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍-ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി പൗരന്മാര്‍ക്കും നാല് വിദേശികള്‍ക്കുമാണ് പരുക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ഇറാന്റെ മേല്‍നോട്ടത്തില്‍ ഹൂതികളും ഇറാഖി മിലിഷ്യകളും സൗദിക്കെതിരെ ശക്തമായ ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഈ ആക്രമണം.
അതേസമയം, യെമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടും ഹൂതികള്‍ ശക്തമായ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. യെമനിലെ മറീബ്, ഹദ്രാമൗദ്, റുവൈക്, അല്‍-അബര്‍, അല്‍ താനിയ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണമുണ്ടായത്. പ്രത്യാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണങ്ങളെ യെമന്‍ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായ ഭാഷയില്‍ അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുക എന്ന ദുരഭിലാഷത്തോടെയാണ് ഹൂതികള്‍ ഈ വഞ്ചനാപരമായ നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചെങ്കിലും, കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണങ്ങളെ അപലപിച്ച യെമനിലെ യുഎസ് എംബസി, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ സൈന്യത്തിന്റെ ആയുധ-വെടിക്കോപ്പു ശേഖരങ്ങളും സൈനിക താവളങ്ങളും വാഹനങ്ങളും തകര്‍ത്തതായി ഹൂതികള്‍ അവകാശപ്പെട്ടു. പ്രദേശത്ത് ആളപായവും വന്‍ വസ്തുനാശവും സംഭവിച്ചതായി എമര്‍ജന്‍സി ഫോഴ്സസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഹൂതികളുടെ വന്‍ അവകാശവാദങ്ങളോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
