സൂറിച്ച്: ഫുട്ബോൾ ലോകത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ ‘ഫിഫ ഫോർവേഡ് എൻറർപ്രൈസ് (FFE)’ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ഫിഫ പരസ്യമായി മാപ്പ് പറഞ്ഞു. പദ്ധതി കൈകാര്യം ചെയ്ത രീതിയിൽ പിഴവുകൾ ഉണ്ടായതായി ഫിഫ നേതൃത്വം അംഗീകരിച്ചെങ്കിലും, പ്രസിഡന്റ് ജിയാനി ഇൻഫൻറീനോയ്ക്ക് മാനേജ്മെന്റ് ബോർഡ് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
മൊറോക്കോയിലെ റബാത്തിൽ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇൻഫൻറീനോ പ്രസിഡന്റായി തുടരുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബോർഡിന് പൂർണ വിശ്വാസമുണ്ടെന്നും ഫിഫ വ്യക്തമാക്കിയത്. ഫിഫ ജനറൽ സെക്രട്ടറി മത്തിയാസ് ഗ്രാഫ്സ്ട്രോം ഒപ്പിട്ട കത്തിലൂടെയും അംഗ അസോസിയേഷനുകളെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
‘ഫിഫ ഫോർവേഡ് എൻറർപ്രൈസ്’ പദ്ധതിയുടെ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമായും വ്യത്യസ്തമായും കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് ഫിഫ സമ്മതിച്ചു. സംഭവിച്ച പിഴവുകൾക്ക് ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്നും കത്തിൽ വ്യക്തമാക്കി.

ഫിഫയുടെ ടൂർണമെന്റുകളുടെ വാണിജ്യാവകാശങ്ങൾ നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്ത പുതിയ സംവിധാനത്തിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരി നൽകാനുള്ള നീക്കത്തിനെതിരെയാണ് ലോക ഫുട്ബോൾ രംഗത്ത് ശക്തമായ എതിർപ്പ് ഉയർന്നത്. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയ്ക്ക് പിന്നാലെ വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാജ്യങ്ങളുടെ കോൺഫെഡറേഷനായ കോൺകകാഫും പദ്ധതിയെ ഔദ്യോഗികമായി എതിർത്തിരുന്നു.
വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ പദ്ധതി നേരത്തെ പിൻവലിച്ചതായി ഇൻഫൻറീനോ അറിയിച്ചിരുന്നു. എന്നിരുന്നാലും, പദ്ധതിയുടെ നടത്തിപ്പും ഫിഫ നേതൃത്വത്തിന്റെ സുതാര്യതയും സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.
ഫിഫയുടെ വിശദീകരണമനുസരിച്ച്, പുറം നിക്ഷേപം വഴി അംഗരാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുകയും ഫുട്ബോൾ വികസന പദ്ധതികൾക്ക് അധിക ഫണ്ട് കണ്ടെത്തുകയും ചെയ്യുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതി മുന്നോട്ടുപോകാനായില്ല.
