Friday, August 7, 2026

തായ്‌ലൻഡിലെ തടങ്കലിന് ഒടുവിൽ കാനഡയിൽ അഭയം; ചൈനീസ് ആക്ടിവിസ്റ്റ് ഷാങ് ഷിൻയാൻ സുരക്ഷിതയായി

ഓട്ടവ: നാടുകടത്തൽ ഭീഷണിയെ തുടർന്ന് മാസങ്ങളോളം തായ്‌ലൻഡിലെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ചൈനീസ് മനുഷ്യാവകാശ പ്രവർത്തക ഷാങ് ഷിൻയാൻ കാനഡയിലെത്തി. ഇവരെപ്പോലെ തായ്‌ലൻഡിൽ കഴിയുന്ന മറ്റ് ചൈനീസ് അഭയാർഥികളും ഇപ്പോഴും നാടുകടത്തൽ ഭീഷണി നേരിടുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി.

ഷെൻഷെനിലെ അധ്യാപികയായിരുന്ന ഷാങ്, ചൈനയിൽ നിരോധിതമായി കണക്കാക്കപ്പെടുന്ന ഫാലുൻ ഗോംഗ് ആത്മീയ പ്രസ്ഥാനത്തെ പിന്തുണച്ചതിനെ തുടർന്ന് 2014-ലാണ് തായ്‌ലൻഡിലേക്ക് പലായനം ചെയ്തത്. പിന്നീട് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി പദവി ലഭിച്ച അവർ ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

കഴിഞ്ഞ വർഷം കാനഡ ആസ്ഥാനമായുള്ള ഒരു സംഘടന നടത്തിയ അനൗദ്യോഗിക ഓൺലൈൻ തിരഞ്ഞെടുപ്പിലൂടെ രൂപീകരിച്ച ‘ഷാഡോ ഹോങ്കോങ് പാർലമെന്റിൽ’ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഹോങ്കോങ് ദേശീയ സുരക്ഷാ നിയമപ്രകാരം ഷാങിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യാൻ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വീസ കാലാവധി കഴിഞ്ഞെന്നാരോപിച്ച് തായ് അധികൃതർ മേയിൽ ഷാങിനെ അറസ്റ്റ് ചെയ്ത് ബാങ്കോക്കിലെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിലാക്കി. തുടർന്ന് ഇവരെ ചൈനയിലേക്കോ ഹോങ്കോങ്ങിലേക്കോ നാടുകടത്തുമെന്ന ആശങ്ക ശക്തമായിരുന്നു.

നിയമപരവും നയതന്ത്രപരവുമായ ഇടപെടലുകൾക്ക് പിന്നാലെ ഷാങിനെ വൻകൂവറിലേക്ക് കൊണ്ടുപോകുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി ലഭിച്ചു. നിലവിൽ അവർ സുരക്ഷിതമായി കാനഡയിലെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, തായ്‌ലൻഡിൽ തടങ്കലിൽ കഴിയുന്ന ചൈനീസ് അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ബായ് ഷാവോദോങ് ഉൾപ്പെടെയുള്ള മറ്റ് അഭയാർഥികളുടെ സുരക്ഷയിലും മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. ഇവരെ ചൈനയിലേക്ക് നാടുകടത്തുകയാണെങ്കിൽ ജീവന് ഗുരുതര ഭീഷണിയുണ്ടാകുമെന്ന് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (RSF) മുന്നറിയിപ്പ് നൽകി.

സാമ്പത്തിക, നയതന്ത്ര ബന്ധങ്ങളെക്കാൾ മനുഷ്യാവകാശങ്ങൾക്ക് മുൻഗണന നൽകണമെന്നും അഭയം തേടിയവരെ സുരക്ഷിത രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്നും തായ്‌ലൻഡ് സർക്കാരിനോട് മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!