Friday, August 7, 2026

പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ടിലൂടെ; സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിന് വിശദീകരണവുമായി സർക്കാർ

തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണമായി സംസ്ഥാന സർക്കാർ. സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിലാണ് സർക്കാർ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഡിബിടി മാനദണ്ഡങ്ങൾ പാലിക്കുന്നതിനും കേന്ദ്ര ധനസഹായം നഷ്ടപ്പെടാതിരിക്കാനുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

നിലവിൽ സഹകരണ ബാങ്കുകൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിവന്നിരുന്നത്. എന്നാൽ വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്നതും ഒരേ വ്യക്തി ഒന്നിലധികം പെൻഷൻ കൈപ്പറ്റുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് പുതിയ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കളെ ഒഴികെ മറ്റെല്ലാ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും ഇനി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പെൻഷൻ ലഭിക്കുക. ഇതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

സഹകരണ ബാങ്കുകൾ വഴി നേരിട്ടുള്ള പെൻഷൻ വിതരണം ഇനി ഉണ്ടാകില്ലെന്നും, കിടപ്പുരോഗികൾക്കും മറ്റ് പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും നേരിട്ടുള്ള വിതരണം തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ചില സഹകരണ ബാങ്കുകൾ തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പുതിയ തീരുമാനത്തിന് കാരണമായതായി സർക്കാർ അറിയിച്ചു.

പുതിയ സംവിധാനം സുതാര്യത ഉറപ്പാക്കുന്നതിനും അർഹരായ ഗുണഭോക്താക്കൾക്ക് കൃത്യസമയത്ത് പെൻഷൻ ലഭ്യമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വിശദീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!