Saturday, August 8, 2026

അതിവേഗം പടർന്ന് കാട്ടുതീ; കാനഡയിലെ സമ്മർലാൻഡ് നഗരം പൂർണമായി ഒഴിപ്പിക്കാൻ ഉത്തരവ്

വൻകൂവർ: അതിവേഗം പടരുന്ന കാട്ടുതീയെ തുടർന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സമ്മർലാൻഡ് നഗരത്തിലെ മുഴുവൻ ജനങ്ങളെയും ഒഴിപ്പിക്കാൻ ഉത്തരവ്. ‘ബാൾഡ് റേഞ്ച്’ കാട്ടുതീ മണിക്കൂറുകൾക്കുള്ളിൽ അതിവേഗം വ്യാപിച്ചതോടെയാണ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സമ്മർലാൻഡിന് ഏകദേശം 15 കിലോമീറ്റർ വടക്കുപടിഞ്ഞാറായി തീ കണ്ടെത്തിയത്. വെറും മൂന്ന് മണിക്കൂറിനുള്ളിൽ തീ 50 ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്ക് വ്യാപിച്ചതായി റീജിയണൽ ഡിസ്ട്രിക്ട് ഓഫ് ഒകനഗൻ-സിമിൽകമീൻ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ എറിക് തോംപ്സൺ അറിയിച്ചു.

തീ മനുഷ്യജീവനും സുരക്ഷയ്ക്കും ഗുരുതര ഭീഷണി ഉയർത്തുന്നതായി ചൂണ്ടിക്കാട്ടി സമ്മർലാൻഡ് ഡിസ്ട്രിക്ടിൽ ഓഗസ്റ്റ് 8ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാട്ടുതീയുടെ തീവ്രത റാങ്ക് 5 നിലയിലാണെന്ന് അധികൃതർ അറിയിച്ചു. അതിവേഗം പടരുന്നതും ദൂരത്തേക്ക് തീപ്പൊരി പടർന്ന് പുതിയ തീപിടിത്തങ്ങൾക്ക് കാരണമാകുന്ന സാഹചര്യവുമാണ് റാങ്ക് 5ന്റെ പ്രത്യേകത. പ്രദേശത്ത് ഇതുവരെ കണ്ടതിൽ ഏറ്റവും വേഗത്തിൽ വളരുന്ന തീപിടിത്തങ്ങളിലൊന്നാണിതെന്നും അധികൃതർ പറഞ്ഞു.

തീ കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ ഹൈവേ 97 അടച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാറ്റ് പ്രധാന തീപിടിത്ത മേഖലയിൽ നിന്ന് ഒരു കിലോമീറ്റർ വരെ അകലത്തേക്ക് തീപ്പൊരികൾ എത്തിക്കുന്നതായി ബി.സി. വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു.തീ നിയന്ത്രണവിധേയമാക്കാൻ എയർ ടാങ്കറുകൾ, ഹെലികോപ്റ്ററുകൾ, ഗ്രൗണ്ട് സംഘങ്ങൾ എന്നിവയെ വിന്യസിച്ചിട്ടുണ്ട്. തീ കെട്ടിടങ്ങളിലേക്ക് നീങ്ങിയതോടെ ചില മേഖലകളിൽ അടിയന്തര ഒഴിപ്പിക്കലും നടപ്പാക്കി.

തീപിടിത്തത്തിൽ വീട് കത്തിനശിച്ച സമ്മർലാൻഡ് സ്വദേശിനി ആഷ്‌ലി ജെസ്റ്റിൻ, രക്ഷപ്പെടാൻ തങ്ങൾക്ക് ലഭിച്ചത് ഏതാനും മിനിറ്റുകൾ മാത്രമാണെന്ന് പറഞ്ഞു.വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ഭർത്താവ് വീട്ടിലെത്തിയപ്പോൾ വീടിന് സമീപമുള്ള മലമുകളിൽ തീയും പുകയും കണ്ടതോടെയാണ് ഇരുവരും സാധനങ്ങൾ എടുത്ത് പുറത്തേക്ക് പോകാൻ തുടങ്ങിയത്. വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴേക്കും കാറിന്റെ സീറ്റുകളിൽ തീപ്പൊരികൾ വീണിരുന്നുവെന്ന് ജെസ്റ്റിൻ പറഞ്ഞു.ഒഴിപ്പിക്കൽ മുന്നറിയിപ്പോ ഉത്തരവോ ലഭിക്കുന്നതിന് മുമ്പുതന്നെ തീ വീടിനെ ചുറ്റിയതിനാൽ അവിടെ നിന്ന് രക്ഷപ്പെടേണ്ടി വന്നതായും അവർ വ്യക്തമാക്കി.

ഇതിനിടെ, അടിയന്തര രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കുറഞ്ഞത് 55 പേരെ വ്യോമമാർഗം രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
സമ്മർലാൻഡിലെ ജനസംഖ്യ 2021ലെ സെൻസസ് പ്രകാരം 12,000ത്തിലധികമാണ്. ബ്രിട്ടീഷ് കൊളംബിയയിൽ നിലവിൽ സജീവമായ 104 കാട്ടുതീകളിൽ ഒന്നാണ് ബാൾഡ് റേഞ്ച് തീപിടിത്തം. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!