എഡ്മിന്റൻ: മാനിറ്റോബയിലെ ബ്രാൻഡണിൽ വാഹനാപകടത്തിൽപ്പെട്ട ട്രക്കിങ് കമ്പനിയായ കോൺക്വർ ട്രാൻസ്പോർട്ടേഷൻ (Conquer Transportation) ഉൾപ്പെടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 20 ട്രക്കിങ് കമ്പനികളെ ആൽബർട്ടയിൽ നിന്ന് ഒഴിവാക്കിയതായി പ്രവിശ്യാ സർക്കാർ. ആവർത്തിച്ചുള്ള ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പെർമിറ്റുകൾ റദ്ദാക്കുകയും സർവീസുകൾ നിരോധിക്കുകയും ചെയ്തെന്ന് ആൽബർട്ട ഗതാഗത മന്ത്രി ഡെവിൻ ഡ്രിഷീൻ അറിയിച്ചു. മോശം പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികളെ ഒഴിവാക്കി മേഖലയെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മെയ് 27ന് ബ്രാൻഡണിൽ നടന്ന അപകടത്തിൽ 49കാരിയായ സിയാവോയുൻ ഷാങ് മരിച്ചിരുന്നു. അപകട കാരണം സെമി ട്രക്ക് ഡ്രൈവർ സ്റ്റോപ്പ് സൈൻ മറികടന്ന് വാഹനത്തിലിടിച്ചതായിരുന്നു.
മാനിറ്റോബയിൽ സുരക്ഷാ അനുമതി നഷ്ടപ്പെട്ട കമ്പനി
കോൺക്വർ ട്രാൻസ്പോർട്ടേഷൻ 2022ലാണ് ആൽബർട്ടയിൽ രജിസ്റ്റർ ചെയ്തത്. അതേ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കോൺക്വർ ട്രാൻസ്പോർട്ട് എന്ന സ്ഥാപനം 2021ൽ മാനിറ്റോബയിൽ സുരക്ഷാ മാനദണ്ഡങ്ങളും നിയമാനുസൃത നടപടികളും പാലിക്കാത്തത് മൂലം സുരക്ഷാ പെർമിറ്റ് നഷ്ട്ടപ്പെടുത്തിയിരുന്നു.
മാനിറ്റോബയിലെ അപകടത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഏപ്രിലിൽ, ആൽബർട്ട ആസ്ഥാനമായുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഗതാഗത കമ്പനികളിൽ ഒന്നായി കോൺക്വർ ട്രാൻസ്പോർട്ടേഷൻ വിലയിരുത്തപ്പെട്ടിരുന്നു.

‘ചാമിലിയൻ കാരിയർമാർ’ക്കെതിരെ നടപടി
മറ്റൊരു പ്രവിശ്യയിൽ നിയന്ത്രണ നടപടികൾ നേരിടുമ്പോൾ പുതിയ പേരിലോ മറ്റൊരു അധികാരപരിധിയിലോ രജിസ്റ്റർ ചെയ്ത് വീണ്ടും പ്രവർത്തനം തുടങ്ങുന്ന ട്രക്കിങ് കമ്പനികളെയാണ് ‘ചാമിലിയൻ കാരിയർമാർ’ എന്ന് വിളിക്കുന്നത്. ആൽബർട്ടയിൽ വിലക്കേർപ്പെടുത്തിയ 20 കമ്പനികളിൽ 13 എണ്ണം ഇത്തരം സ്ഥാപനങ്ങളാണെന്ന് സർക്കാർ വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 40-ഓളം കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അധികൃതർ തടഞ്ഞു. കൂടാതെ അനധികൃതമായി പ്രവർത്തിച്ച അഞ്ച് ഡ്രൈവിങ് പരിശീലന സ്കൂളുകളും പൂട്ടുകയുണ്ടായി.
ദേശീയ ഡാറ്റാബേസ് വേണമെന്ന് ആവശ്യം
സംസ്ഥാനങ്ങൾ തമ്മിലുള്ള വിവരപങ്കിടലിലെ പോരായ്മകൾ മുതലെടുക്കുന്ന കമ്പനികളെ നിയന്ത്രിക്കാൻ ദേശീയതലത്തിൽ ഡാറ്റാബേസ് വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനം നടക്കുകയാണെന്ന് കനേഡിയൻ കൗൺസിൽ ഓഫ് മോട്ടോർ ട്രാൻസ്പോർട്ട് അഡ്മിനിസ്ട്രേറ്റേഴ്സ് അറിയിച്ചു.
മാനിറ്റോബയിൽ അടുത്തിടെ ഏഴ് ട്രക്കിങ് കമ്പനികളുടെ സുരക്ഷാ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെങ്കിലും അവ പിന്നീട് സസ്കാച്വാനിലോ ആൽബർട്ടയിലോ പുതിയ പേരിൽ പ്രവർത്തനം ആരംഭിച്ചോയെന്ന് കണ്ടെത്താൻ നിലവിൽ സംവിധാനമില്ലെന്ന് മാനിറ്റോബ ഗതാഗത മന്ത്രി ലിസ നെയ്ലർ പറഞ്ഞു.കമ്പനികളുടെ ഡയറക്ടർമാർ, ഉടമകൾ, ഓപ്പറേറ്റർമാർ, വാഹനങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ഉൾപ്പെടുന്ന രാജ്യവ്യാപക രജിസ്ട്രി അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.
റോഡ് സുരക്ഷ ശക്തിപ്പെടുത്താൻ പ്രവിശ്യകളുമായും ടെറിട്ടറികളുമായും ഫെഡറൽ സർക്കാർ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഫെഡറൽ ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നണും അറിയിച്ചു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിൽ പ്രവിശ്യകൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
