ഷാര്‍ലറ്റ്ടൗണ്‍: രാജ്യത്ത് രക്തലഭ്യത ഉറപ്പാക്കാന്‍ കൂടുതല്‍ ദാതാക്കള്‍ മുന്നോട്ടുവരണമെന്ന് ‘കനേഡിയന്‍ ബ്ലഡ് സര്‍വീസസ്’ (Canadian Blood Services) അഭ്യര്‍ത്ഥിച്ചു. ജൂലൈ അവസാന വാരത്തോടെ രാജ്യത്തെ രക്തശേഖരത്തില്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രചാരണങ്ങള്‍ക്ക് ശേഷം ദാതാക്കളുടെ എണ്ണത്തില്‍ വര്‍ധ നയുണ്ടായെങ്കിലും പല ബ്ലഡ് ഗ്രൂപ്പുകളുടെയും ലഭ്യത ഇപ്പോഴും കുറവാണ്.
പ്രത്യേകിച്ച് A-നെഗറ്റീവ്, B-നെഗറ്റീവ്, O-പോസിറ്റീവ്, O-നെഗറ്റീവ് എന്നീ ഗ്രൂപ്പുകളില്‍പ്പെട്ട രക്തത്തിന്റെ ശേഖരം കുറവാണ്. ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബര്‍ ആദ്യവാരത്തിലെ ദീര്‍ഘകാല അവധി ദിനങ്ങളിലും രക്തദാനത്തിനുള്ള ബുക്കിംഗുകള്‍ വീണ്ടും കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സന്നദ്ധരായി മുന്നോട്ടുവരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാനഡയിലെ യോഗ്യരായ രക്തദാതാക്കളുടെ അനുപാതം നാല് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി പകുതിയായി കുറഞ്ഞിട്ടുണ്ട്.

പ്രാദേശികമായി ശേഖരിക്കുന്ന രക്തം ദേശീയ സംവിധാനത്തിലൂടെ ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. രക്തദാനത്തിന് പുറമെ തുക സംഭാവന നല്‍കിയും സ്റ്റെം സെല്‍ രജിസ്ട്രേഷനില്‍ പങ്കെടുത്തും ഏവര്‍ക്കും പങ്കാളികളാകാമെന്ന് കനേഡിയന്‍ ബ്ലഡ് സര്‍വീസസ് അറിയിച്ചു.
