ഓട്ടവ: യുഎസുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് രാജ്യത്തെ ക്ഷീരകര്‍ഷകര്‍. ഓഗസ്റ്റ് 19-നകം വ്യാപാര കരാറിലെത്തിയില്ലെങ്കില്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം വന്‍ താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കാനഡയുടെ ക്ഷീരമേഖലയ്ക്ക് സംരക്ഷണം നല്കുന്ന നിലവിലെ നിയന്ത്രണങ്ങളില്‍ യാതൊരു രീതിയിലുള്ള ഇളവുകളും നല്‍കരുതെന്ന് ഡയറി ഫാര്‍മേഴ്സ് ഓഫ് കാനഡ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
കനേഡിയന്‍ ഭക്ഷണ പരമാധികാരം വില്പനയ്ക്കുള്ളതല്ലെന്നും മോശം കരാറുകള്‍ രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കാനഡ നിരവധി ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ തവണ വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോഴും പുതിയ ആവശ്യങ്ങളുമായി അമേരിക്ക സമ്മര്‍ദ്ദം കൂട്ടുകയാണെന്ന് അവര്‍ ആരോപിച്ചു.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ വിപണിയില്‍ കൂടുതല്‍ പ്രവേശനം വേണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആവശ്യം. കാനഡയിലെ ക്ഷീര വിപണി നിയന്ത്രണങ്ങള്‍ അമേരിക്കന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രംപ് മുന്‍പും പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രാദേശിക കര്‍ഷകരുടെ ഭാവിയും രാജ്യത്തെ ഭക്ഷ്യ ഭദ്രതയും സംരക്ഷിക്കാന്‍ ഗവണ്മെന്റ് ഉറച്ചുനില്‍ക്കണമെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം.
