ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ പേരിലും ബിജെപിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നു. പ്രധാനമന്ത്രിയുടെ യാത്രാച്ചെലവുകള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമ്പോഴാണ്, സുരക്ഷാസേനയുടെ യാത്രാച്ചെലവെന്ന പേരില്‍ 3.24 ലക്ഷം രൂപയുടെ വ്യാജ ബില്ലുകള്‍ ബിജെപി പാസാക്കിയെടുത്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഓഡിറ്റ് സംഘങ്ങള്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികള്‍ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത് എസ്പിജിയും സംസ്ഥാന പൊലീസും ചേര്‍ന്നാണ്. ഇതിന്റെ പൂര്‍ണമായ സാമ്പത്തിക ചെലവുകള്‍ വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരുമാണ്. എന്നാല്‍, എസ്പിജിക്ക് യാത്ര ചെയ്യാന്‍ ബിജെപി ഓഫീസില്‍ നിന്ന് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാടകയ്ക്ക് എടുത്തു നല്‍കി എന്നാണ് പാര്‍ട്ടിയുടെ കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് 30, ഏപ്രില്‍ 4 തീയതികളില്‍ തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വാഹനം 5,029 കിലോമീറ്റര്‍ ഓടിയതായാണ് ബില്ലുകളില്‍ കാണിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തെ പര്യടനത്തില്‍ ഇത്രയധികം കിലോമീറ്റര്‍ വാഹനം ഓടിയെന്നത് തന്നെ വലിയ സംശയങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. ബിജെപിയുടെ തന്നെ ഓഡിറ്റ് സംഘം തയ്യാറാക്കിയ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
എസ്പിജിയുടെ പേരിലുള്ള തട്ടിപ്പിന് പുറമെ മറ്റ് പല സാമ്പത്തിക ക്രമക്കേടുകളും ബിജെപിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ജെ.പി നദ്ദയുടെ കേരള സന്ദര്‍ശന സമയത്തും സമാനമായ രീതിയില്‍ വാഹനമോടിയതിന്റെ വ്യാജ കണക്കുകള്‍ ഉണ്ടാക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് വേണ്ടി ഒറ്റ ദിവസം 18 വാഹനങ്ങള്‍ നല്‍കിയെന്നും കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വ്യാജ ജിഎസ്ടി ബില്ലുകള്‍ നിര്‍മിച്ചും വലിയ തോതില്‍ തിരിമറി നടത്തി. ഒരു സ്ഥാപനത്തിന്റെ പേരിലുള്ള ബില്ല് മാറ്റി മറ്റൊരു സ്ഥാപനത്തിന്റെ പേരില്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിന് പുറമെ പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് പ്ലക്കാര്‍ഡുകള്‍ വാങ്ങിയ വകയില്‍ എട്ട് ലക്ഷത്തോളം രൂപ തട്ടിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ എ-ക്ലാസ് മണ്ഡലങ്ങള്‍ക്ക് മൂന്നര കോടി രൂപ വീതമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഈ തുക പൂര്‍ണമായും മണ്ഡലങ്ങളില്‍ എത്തിയിട്ടില്ല എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്. ഘടകകക്ഷികള്‍ക്ക് നല്‍കാനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടുകളിലും വലിയ തിരിമറി നടന്നിട്ടുണ്ട്.
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ വ്യാപകമായ കൊള്ളയാണ് നടന്നിരിക്കുന്നത് എന്ന് അടിവരയിടുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഓരോ രേഖകളും. സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളും ശബ്ദരേഖകളും വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചന.
