കൊച്ചി: തുടര്‍ച്ചയായി നാല് ദിവസത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയിലെത്തി. തുടര്‍ച്ചയായ നാല് ദിവസം കൊണ്ട് 6,000 രൂപയിലധികം ഉയര്‍ന്ന ശേഷമാണ് സ്വര്‍ണവിലയില്‍ ചെറിയ ഇടിവുണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,445 രൂപയിലെത്തി. അന്തരാഷ്ട്ര വിപണിയിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്.
ഔണ്‍സിന് 4,700 ഡോളര്‍ വരെയെത്തിയ രാജ്യാന്തര സ്വര്‍ണവില നിലവില്‍ 4,325 ഡോളറിലേക്ക് നീങ്ങുകയാണ്. പശ്ചിമേഷ്യയില്‍ യു.എസ്-ഇറാന്‍ സംഘര്‍ഷ സാധ്യതകള്‍ക്കിടെ ക്രൂഡോയില്‍ വില വര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.

ജനുവരി 29നാണ് സ്വര്‍ണം റെക്കോഡ് വിലയിലെത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയും. ഒരുഘട്ടത്തില്‍ ഗ്രാമിന് 12,845 രൂപയായും പവന് 1,02,760 രൂപയായും ഇടിഞ്ഞു. എന്നാല്‍, യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ അയവുവന്നതോടെ സ്വര്‍ണവില വീണ്ടും കുതിക്കുകയായിരുന്നു.
അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഓഗസ്റ്റ് 12ന് പുറത്തുവരും. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാനുള്ള ആലോചിനയിലേക്ക് കടക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പലിശ കൂടുന്നത് ഡോളറിന്റെ ശക്തിപ്പെടുത്തും. ഇത് സ്വര്‍ണത്തിന് തിരിച്ചടിയാകും. പണപ്പെരുപ്പക്കണക്ക് സംബന്ധിച്ച ഈ ആകാംക്ഷയുടെയും ആശങ്കയുടെയും പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സ്വര്‍ണം താഴേക്ക് നീങ്ങുന്നത്.
