തിരുവനന്തപുരം: വിദ്വേഷ പരാമർശക്കേസിൽ അറസ്റ്റിലായ ആർ.എസ്.എസ്. സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതി അന്വേഷണവുമായി സഹകരിച്ചില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്ന തരത്തിലുള്ള പരാമർശമാണ് പ്രതി നടത്തിയതെന്ന് പൊലീസ് ആരോപിച്ചു. പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജാമ്യം ലഭിച്ചാൽ കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടത് അനിവാര്യമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുറ്റം സമ്മതിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഡൽഹി ജന്തർമന്ദറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിലാണ് ടി.ജി. മോഹൻദാസിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
കൊച്ചിയിൽനിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. ഇതിനിടെ കോടതി പരിസരത്ത് എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധിച്ചു. കരിങ്കൊടിയും പ്ലക്കാർഡുകളുമായെത്തിയ പ്രവർത്തകർ പ്രതിക്കെതിരെ മുദ്രാവാക്യം വിളിച്ചു.
