തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അധിക്ഷേപിച്ചെന്ന കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിന്റെ അറസ്റ്റിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നൽകേണ്ട നിയമപരമായ നോട്ടീസ് നൽകിയില്ലെന്ന് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.
മോഹൻദാസിനെ അറസ്റ്റ് ചെയ്യുന്നത് അനിവാര്യമായിരുന്നുവെന്ന് തെളിയിക്കുന്ന മതിയായ വസ്തുതകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന് ആധാരമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതി പരാതിക്കാരനെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചില്ല.
ചോദ്യം ചെയ്യലിൽ മോഹൻദാസ് അന്വേഷണ സംഘത്തോട് കാര്യമായി സഹകരിച്ചില്ലെന്നും അതിനാൽ കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാൽ ജുഡീഷ്യൽ കസ്റ്റഡി അനുവദിക്കാതെ ജാമ്യം നൽകിയ കോടതി, തുടർച്ചയായി മൂന്ന് ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ചോദ്യം ചെയ്യലിന് ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മോഹൻദാസിന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. 71 വയസ്സുള്ള മോഹൻദാസിന് നേരത്തെ സ്ട്രോക്ക് ഉണ്ടായിട്ടുണ്ടെന്നും സോറിയാസിസ്, പാർക്കിൻസൺസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വന്തം വീട്ടിൽനിന്ന് വാറന്റ് പോലുമില്ലാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും പ്രതിഭാഗം ആരോപിച്ചിരുന്നു. അന്വേഷണത്തോടും വിചാരണയോടും പൂർണമായി സഹകരിക്കുമെന്നും തെളിവുകൾ നശിപ്പിക്കുകയോ അന്വേഷണത്തെ സ്വാധീനിക്കുകയോ ചെയ്യില്ലെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, മോഹൻദാസിനെതിരെ കലാപാഹ്വാനം ഉൾപ്പെടെ നാല് കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നും പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ജാമ്യം അനുവദിച്ചാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
വിദ്വേഷപരാമർശത്തിൽ കേസെടുത്ത് 11-ാം ദിവസമാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയ തിരുവനന്തപുരം സൈബർ പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.
ജന്തർമന്തറിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് സമരക്കാരെ വെടിവെക്കുമെന്ന തരത്തിലും സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുമുള്ള പരാമർശങ്ങൾ മോഹൻദാസ് സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയെന്നാണ് കേസ്. ജൂലൈ 29-നാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
ജാമ്യം ലഭിച്ചതിന് പിന്നാലെ പുറത്തിറങ്ങിയ മോഹൻദാസ് മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.
