കൊല്ലം: കൊല്ലം കാവനാട് അരവിളയിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശാല സ്വദേശി കിരണിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.കാവനാട് അരവിളയിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ വിശ്രമിക്കുകയായിരുന്ന കിരൺ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കായലിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് കാരണം സാധിച്ചില്ല.

വിവരമറിഞ്ഞ് കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സിന്റെ സ്കൂബ സംഘം ഇന്നലെ രാത്രിയോടെ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ രാത്രി നടത്തിയ തിരച്ചിലിൽ കിരണിനെ കണ്ടെത്താനായില്ല.തുടർന്ന് ഇന്ന് രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്ത് കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
