Tuesday, August 11, 2026

അർജുൻ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് ദിവസത്തേക്കാണ് കോടതി അനുമതി നൽകിയത്.

അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം കോടതി തള്ളി.

അർജുൻ ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്പ് പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അർജുൻ ആയങ്കി നിലവിൽ റിമാൻഡിൽ കഴിയുന്നത്. അധിക്ഷേപ പരാമർശം നടത്താൻ ഉപയോഗിച്ച ഉപകരണം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. പിടിച്ചെടുത്ത ലാപ്‌ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിൽ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങളും പരിശോധിക്കും.

കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് പൊലീസ് മടങ്ങിയത്.

അർജുൻ ആയങ്കിയുടെ കൈയിൽനിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് പ്രചരിച്ചതെന്നാണ് പൊലീസിന്റെ സംശയം. കസ്റ്റഡിയിൽ ലഭിച്ച ശേഷം അർജുൻ ആയങ്കിയെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും റീലുകളും ട്രോളുകളും പോസ്റ്റ് ചെയ്തത് സുഹൃത്ത് പ്രണവാണെന്നാണ് അർജുൻ ആയങ്കി മൊഴി നൽകിയതെന്നാണ് വിവരം. പ്രണവ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ഒളിവിൽ കഴിയുന്നതിനിടെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള ആളുകളെ സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിൻമാരാക്കി പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും അർജുൻ ആയങ്കിക്കെതിരെ നടപടിയുണ്ടാകും. ഈ കേസിൽ പ്രൊഡക്ഷൻ വാറണ്ടുമായി കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം. തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!