Tuesday, August 11, 2026

മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള ഇടപാടിൽ വൻ ക്രമക്കേട്; കായിക വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളിൽ വൻ ക്രമക്കേടുണ്ടായതായി കായിക വകുപ്പ്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകൾ.

അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 126 കോടി രൂപ അഡ്വാൻസായി നൽകിയതായി പറയുന്ന ഇടപാടിന് ആവശ്യമായ രേഖകൾ സർക്കാരിന്റെ കൈവശമില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എഎഫ്എയും സർക്കാരും തമ്മിലോ പ്രമോട്ടർമാരുമായോ ഒപ്പുവച്ച കരാറുകളോ ധാരണാപത്രങ്ങളോ ഫയലുകളിൽ ലഭ്യമല്ല. ഏതാനും ഇ-മെയിൽ സന്ദേശങ്ങൾ മാത്രമാണ് കായിക വകുപ്പിന്റെ കൈവശമുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

ടെൻഡർ നടപടികളില്ലാതെ സ്പോൺസറായി തിരഞ്ഞെടുത്ത ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന കമ്പനിയെക്കുറിച്ചും റിപ്പോർട്ടിൽ സംശയം ഉന്നയിക്കുന്നുണ്ട്. ബന്ധപ്പെട്ട കത്തയയ്ക്കുന്നതിന് 20 ദിവസം മുമ്പ് മാത്രം കമ്പനി രൂപീകരിച്ചതാണെന്നും ഇത് ഷെൽ കമ്പനിയാകാമെന്ന സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അർജന്റീന ഫുട്ബോൾ അസോസിയേഷന് ഇ-മെയിൽ അയച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും എഎഫ്എയുടെ ഉറപ്പ് ലഭിക്കുന്നതിന് മുമ്പുതന്നെ പരിപാടിയുമായി മുന്നോട്ടുപോയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിട്ടും കായിക വകുപ്പ് അത് പരിഗണിച്ചില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷമാണ് നടപടികൾ അതിവേഗം മുന്നോട്ടുപോയതെന്നും ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ആവശ്യമായ മേൽനോട്ടം ഉണ്ടായില്ലെന്നും സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

റിപ്പോർട്ടർ ടിവിയെ സ്പോൺസറായി തിരഞ്ഞെടുത്തതും ടെൻഡർ നടപടികളില്ലാതെയാണെന്നാണ് കണ്ടെത്തൽ. ഇതിനായി സ്റ്റേഡിയം ഡെപ്പോസിറ്റ് ഈടാക്കാതെ വിട്ടുനൽകിയെന്നും വിനോദ നികുതി ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പരിപാടിക്ക് ഫിഫ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇടപാടിൽ വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയുടെ ലംഘനവും കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്ന സൂചനകളുണ്ടെന്നും അതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്നും സ്പെഷ്യൽ സെക്രട്ടറി ശുപാർശ ചെയ്തു.കായിക മന്ത്രി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!