ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ എല്ലാ വിഷയങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ സുഗമമായി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചര്‍ച്ച ആരംഭിച്ചാല്‍ നാളെ വൈകിട്ടോടെ മറുപടി നല്‍കാന്‍ തയ്യാറാണെന്നും അമിത് ഷാ മാധ്യമങ്ങളോട് വ്യക്തമാക്കി.
ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. ദില്ലിയില്‍ നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ നടന്ന സമരത്തിനിടെ പൊലീസ് സ്വീകരിച്ച നടപടിയില്‍ അമിത് ഷാ സംസാരിക്കാമെന്ന നിര്‍ദേശം പ്രതിപക്ഷം നേരത്തെ തള്ളിയിരുന്നു. ഇതോടെ ഇന്നലെയും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടു.

പാര്‍ലമെന്റിനകത്തും പുറത്തും ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം മുദ്രാവാക്യം വിളിച്ചു. എല്ലാ ദിവസവും സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അമിത് ഷാ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിഷേധം തുടരുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു.
എല്ലാ വിഷയങ്ങളും ഒരേസമയം ചര്‍ച്ച ചെയ്യാന്‍ കഴിയുമോയെന്നും സ്പീക്കര്‍ ചോദിച്ചു. ഇന്നും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് എല്ലാ വിഷയങ്ങളിലും ചര്‍ച്ച നടത്താനും മറുപടി നല്‍കാനും തയ്യാറാണെന്ന് അമിത് ഷാ വീണ്ടും വ്യക്തമാക്കിയത്.
