വന്‍കൂവര്‍: ബ്രിട്ടിഷ് കൊളംബിയയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ കാട്ടുതീയില്‍ 3.8 ശതമാനം മാത്രമാണ് മനുഷ്യനിര്‍മ്മിതമെന്ന് ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസ് വ്യക്തമാക്കി. 2016 മുതല്‍ 2025 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 14,856 കാട്ടുതീകളില്‍ 560 എണ്ണമാണ് മനുഷ്യര്‍ ബോധപൂര്‍വം സൃഷ്ടിച്ചതായി സംശയിക്കുന്നത്. സംഖ്യ ചെറുതാണെങ്കിലും ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ക്ലിഫ് ചാപ്മാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസുമായി (ആര്.സി.എം.പി.) ചേര്‍ന്ന് മനുഷ്യനിര്‍മിത കാട്ടുതീകളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും, സംശയാസ്പദമായ സാഹചര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കാട്ടുതീ നിരോധനം നിലനില്ക്കുമ്പോള് തീയിടുകയോ, അശ്രദ്ധമായി ക്യാമ്പ് ഫയറുകള്‍ നടത്തുകയോ ചെയ്യുന്നതും ഇത്തരം ഗണത്തില്‍ ഉള്‍പ്പെടാമെന്ന് ബി.സി.ഡബ്ല്യു.എസ്. വക്താവ് വ്യക്തമാക്കി.

അതേസമയം, പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പടരുന്ന വ്യാജ പ്രചാരണങ്ങളെയും ഗൂഢാലോചനാ സിദ്ധാന്തങ്ങളെയും ചാപ്മാന് ശക്തമായി എതിര്‍ത്തു. സര്‍ക്കാര്‍ ഇടപെട്ടാണ് കാട്ടുതീ സൃഷ്ടിക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തീ അണയ്ക്കാന്‍ ജീവന് പണയം വെച്ച് പോരാടുന്ന അഗ്നിശമന സേനാംഗങ്ങളുടെ മനോവീര്യം തകര്‍ക്കുമെന്നും, ഔദ്യോഗികവും സുതാര്യവുമായ വിവരങ്ങള്‍ മാത്രം ജനങ്ങള്‍ വിശ്വസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
