കോട്ടയം: കാനഡയിൽ കെയർഗിവർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നൂറിലധികം പേരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ 64കാരൻ അറസ്റ്റിൽ. വേലെങ്ങട്ടുചേരി വീട്ടിൽ കുമ്പളതുള്ള ജെയിംസ്കുട്ടി കുര്യക്കോസിനെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്.
കാനഡ കെയർഗിവർ വീസയ്ക്കായി ഒരാൾക്ക് 12 ലക്ഷം രൂപയായിരുന്നു പ്രതി ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ആറ് ലക്ഷം രൂപ വീതം പല ഗഡുക്കളായി നൂറിലധികം പേരിൽ നിന്ന് വാങ്ങിയെന്നാണ് പരാതി. ആറ് മാസത്തിനകം വീസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും വീസ ലഭിക്കാതിരിക്കുകയും നൽകിയ പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് ഇരകൾ പൊലീസിൽ പരാതി നൽകിയത്.
കോട്ടയം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ‘ഇൻഡോകാൻ ഓവർസീസ്’ (Indocan Overseas) എന്ന സ്ഥാപനം നടത്തിയാണ് പ്രതി ഉദ്യോഗാർഥികളെ സമീപിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. പണം വാങ്ങിയ ശേഷം സ്ഥാപനങ്ങൾ അടച്ചുപൂട്ടി പ്രതി മുങ്ങിയതായും പരാതിയിൽ പറയുന്നു.

സ്ഥാപനത്തിലേക്ക് ആളുകളെ കമ്മീഷൻ വ്യവസ്ഥയിൽ എത്തിച്ച ജീവനക്കാരായ അനു, ജിൻസി, ഗ്രീഷ്മ, ചിത്ര എന്നിവർക്കെതിരെയും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ജിൻസിയും ഗ്രീഷ്മയും നിലവിൽ കുവൈറ്റിൽ ജോലി ചെയ്യുന്നതായാണ് വിവരം.
സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പണം എവിടേക്ക് മാറ്റിയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളും പുരോഗമിക്കുകയാണ്.
