കൊല്ലം: കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി. വെൽഡിങ് ജോലികൾക്കിടെ ജനറേറ്റർ റൂമിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ കപ്പലിലെ എൻജിനീയറായ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിന് പരുക്കേറ്റു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോയ ഐഒഎൽ സഫയർ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. യാത്രയ്ക്കിടെ എൻജിന് തകരാർ സംഭവിച്ചതിനെ തുടർന്ന് കപ്പൽ അറ്റകുറ്റപ്പണികൾക്കായി കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടിരുന്നു.

തുറമുഖത്ത് വെച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് ജനറേറ്റർ റൂമിൽ പൊട്ടിത്തെറിയുണ്ടായത്. വെൽഡിങ് ജോലികൾക്കിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.പരുക്കേറ്റ സത്യപ്രകാശിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
സംഭവത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിയുടെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.
