Thursday, August 13, 2026

ട്രംപിന്റെ വിശ്വസ്ത വക്താവ് പദവി ഒഴിയുന്നു; കരോലിൻ ലീവിറ്റ് ഇനി ഉപദേഷ്ടാവ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനത്തോടെ പദവി ഒഴിയുന്നു. എന്നാൽ ട്രംപിന്റെ ഉപദേഷ്ടാവായി അവർ തുടർന്നും പ്രവർത്തിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടതിനാലാണ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്ന് 28കാരിയായ ലീവിറ്റ് വ്യക്തമാക്കി.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ലീവിറ്റ്. 18 മാസത്തെ ഔദ്യോഗിക സേവനത്തിനിടെ ട്രംപിന്റെ വിശ്വസ്തയും ഭരണകൂടത്തിന്റെ ശക്തമായ വക്താവുമായി അവർ മാറിയിരുന്നു. മാധ്യമപ്രവർത്തകരുമായുള്ള രൂക്ഷമായ വാക്കുതർക്കങ്ങളും അവരുടെ വാർത്താസമ്മേളനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ മാതൃത്വ അവധിയിലായിരുന്ന ലീവിറ്റ് അടുത്തിടെയാണ് വൈറ്റ് ഹൗസിലെ ചുമതലകളിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ പ്രസ് സെക്രട്ടറി പദവിക്ക് ആവശ്യമായ കഠിനാധ്വാനവും സമയവും നൽകുന്നതിനൊപ്പം മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായുള്ള പ്രവർത്തനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അനുഭവവുമാണെന്നും ലീവിറ്റ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, പദവി ഒഴിഞ്ഞാലും ട്രംപിന്റെ രാഷ്ട്രീയ ടീമിനൊപ്പം സജീവമായി തുടരുമെന്നും അവർ വ്യക്തമാക്കി.

ലീവിറ്റിന്റെ തീരുമാനത്തെ പൂർണമായി ബഹുമാനിക്കുന്നതായി ട്രംപ് പ്രതികരിച്ചു. അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണെന്നും ട്രംപ് വിശേഷിപ്പിച്ചു. വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസ് സെക്രട്ടറിമാരിൽ ഒരാളാണ് ലീവിറ്റെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസ് വിട്ടശേഷവും ലീവിറ്റ് രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും വരാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ ശബ്ദമായും തന്റെ മുഖ്യ ഉപദേശകയായും അവർ പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലീവിറ്റ് വഹിച്ച പങ്കിനെയും ട്രംപ് പ്രത്യേകം അഭിനന്ദിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!