ബാരി: ബാരിയില്‍ ശ്കതമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്നറിയപ്പ് നല്കി എന്‍വയോണ്‍മെന്റ് കാനഡ. ബാരി, കോളിങ്വുഡ് , ഹില്‍സ്ഡെയ്ല്‍ എന്നീ പ്രദേശങ്ങളില്‍ വ്യാഴാഴ്ച ഫോഗ് അഡൈ്വസറി നിലവിലുണ്ട്. ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
വാഹനമോടിക്കുന്നവര്‍ പെട്ടെന്നുണ്ടാകുന്ന കാഴ്ചതടസ്സങ്ങള് മുന്‍കൂട്ടി കണ്ട് യാത്രയ്ക്കായി കൂടുതല്‍ സമയം നീക്കിവെക്കണമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. രാവിലെ മഞ്ഞുമാറുന്നതോടെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വ്യാഴാഴ്ച ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസും ഹ്യുമിഡെക്സ് 30 ഉം രേഖപ്പെടുത്തും. യുവി ഇന്‍ഡക്സ് (UV Index) 7 ആയിരിക്കും. വ്യാഴാഴ്ച രാത്രി ആകാശം മേഘാവൃതമല്ലാതെ തെളിഞ്ഞുനില്ക്കുമെന്നും കുറഞ്ഞ താപനില 14 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും പ്രവചനം.

വെള്ളിയാഴ്ചയും പ്രധാനമായും തെളിഞ്ഞ വെയിലുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും ഹ്യുമിഡെക്സ് 26 ഉം ആയിരിക്കും. യുവി ഇന്‍ഡക്സ് 8 വരെ ഉയരാന്‍ സാധ്യതയുണ്ട്.
