Thursday, August 13, 2026

ഓട്ടവയില്‍ നാശം വിതച്ച് വേനല്‍ മഴ; ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസ്സപ്പെട്ടു

ഓട്ടവ: ഓട്ടവയില്‍ ബുധനാഴ്ച രാത്രി വീശിയടിച്ച ശക്തമായ മഴയില്‍ വന്‍ നാശനഷ്ടം. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും റോഡുകള്‍ വെള്ളത്തിലാവുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.

ബുധനാഴ്ച മാത്രം ഓട്ടവ വിമാനത്താവളത്തില്‍ 21.9 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി എന്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. ഇതോടെ ഓഗസ്റ്റ് മാസത്തിലെ ആകെ മഴ 104.8 മില്ലീമീറ്ററായി ഉയര്‍ന്നു. ഓഗസ്റ്റിലെ സാധാരണ ശരാശരി മഴ 79 മില്ലീമീറ്ററാണെന്നിരിക്കെയാണിത്. മണിക്കൂറില്‍ 107 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റാണ് ബുധനാഴ്ച വീശിയടിച്ചത്.

വ്യാഴാഴ്ച രാവിലെ 7 മണിയോടെ ഹൈഡ്രോ ഓട്ടവയിലെ (Hydro Ottawa) 7,900-ഓളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സപ്പെട്ടു. ജൂലൈ 1-ലെ കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ നോക്‌സ്‌ഡെയ്ല്‍-മെറിവേല്‍ (Knoxdale-Merivale), കോളേജ് (College), ബേ (Bay) വാര്‍ഡുകളിലാണ് ഇത്തവണയും കൂടുതല്‍ പ്രത്യാഘാതമുണ്ടായത്. തന്റെ വാര്‍ഡില്‍ മരങ്ങള്‍ വീണതിന്റെയും വെള്ളക്കെട്ടിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച കൗണ്‍സിലര്‍ സീന്‍ ഡെവിന്‍ (Sean Devine), ജൂലൈ 1 ന് ശേഷം ഉണ്ടാകുന്ന മൂന്നാമത്തെ വെള്ളപ്പൊക്കമാണിതെന്ന് വ്യക്തമാക്കി.

വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ചതായി ഹൈഡ്രോ ഓട്ടവ അറിയിച്ചു. എന്നാല്‍ മരങ്ങള്‍ വീണ് വഴി തടസ്സപ്പെട്ട പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇതിനുപുറമേ, ഗാറ്റിനോയിലെ (Gatineau) അല്‍മര്‍ (Aylmer) മേഖല ഉള്‍പ്പെടെ ഔട്ടാവോയിസ് (Outaouais) മേഖലയില്‍ 8,500-ലധികം ആളുകള്‍ക്ക് വൈദ്യുതി തടസ്സപ്പെട്ടതായി ഹൈഡ്രോ ക്യുബെക്കും (Hydro Quebec) അറിയിച്ചിട്ടുണ്ട്. വീടുകളുടെ ബേസ്‌മെന്റുകളില്‍ വെള്ളം കയറിയവര്‍ സിറ്റി ഓഫ് ഓട്ടവയെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!