ഓട്ടവ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് സമയപരിധി അടുത്തുവരുമ്പോഴും വ്യാപരകരാറില്‍ ധാരണയിലെത്താതെ കാനഡയും യുഎസും. എന്നാല്‍ യുഎസുമായി അടിയന്തര കരാറിലെത്താന്‍ നീക്കം ശക്തമാക്കിയിരിക്കുകയാണ് കാനഡ. കാനഡ-യു.എസ് ട്രേഡ് മന്ത്രി ഡൊമിനിക് ലെബ്ലാങ്കും ചീഫ് ട്രേഡ് നെഗോഷ്യേറ്റര്‍ ജാനിസ് ചാരെറ്റും യു.എസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീറുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇരുവരും തമ്മില്‍ നടക്കുന്ന നാലാമത്തെയും, ഈ ആഴ്ചയിലെ രണ്ടാമത്തെയും കൂടിക്കാഴ്ചയാണിത്.
ഓഗസ്റ്റ് 19 മുതല്‍ നൂറുകണക്കിന് കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച അമേരിക്ക മുന്നോട്ടുവച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ കാനഡ തളളിയിരുന്നു. മേഖല തിരിച്ചുള്ള ചില തീരുവകളില്‍ ഇളവ് നല്‍കമെന്ന യുഎസിന്റെ പുതിയ വാഗ്ദാനം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് കാനഡ നിലപാട് കടുപ്പിച്ചത്. കാനഡയിലെ പ്രധാന ധാതുക്കള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനൊപ്പം ഊര്‍ജ്ജ, സുരക്ഷാ മേഖലകളിലെ സഹകരണവുമാണ് അമേരിക്ക പ്രധാനമായും ആവശ്യപ്പെടുന്നത്. ഇതിന് പകരമായി സ്റ്റീല്‍, അലുമിനിയം, തടി, വാഹനങ്ങള്‍ എന്നിവയ്ക്ക് നിലവിലുള്ള തീരുവകളില്‍ പരമാവധി ഇളവ് നേടാനാണ് കാനഡയുടെ ശ്രമം.

തിങ്കളാഴ്ചയോടെ ഡോണള്‍ഡ് ട്രംപിന് മുന്നില്‍ സാധ്യമായ ഒരു കരാറിന്റെ രൂപരേഖ സമര്‍പ്പിക്കാനാണ് ഇരു പ്രതിനിധികളും ശ്രമിക്കുന്നത്. ഓഗസ്റ്റ് 19ന് നികുതികള്‍ നിലവില്‍ വരുകയാണെങ്കില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുണ്ടാകില്ലെന്ന് കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രൊവിന്‍ഷ്യല്‍ സ്റ്റോറുകളില്‍ നിന്ന് യു.എസ് മദ്യം ഒഴിവാക്കിയത്, വാഹനങ്ങള്‍ക്കും ക്ഷീരോല്‍പ്പന്നങ്ങള്‍ക്കുമെതിരെയുള്ള കാനഡയുടെ വിവേചനം എന്നിവ ചൂണ്ടിക്കാട്ടിയാണ് യു.എസ് സര്‍ക്കാര്‍ പുതിയ നികുതി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
