ഒന്റാരിയോ: സോഷ്യല്‍ അസിസ്റ്റന്‍സ് നിയമങ്ങള്‍ കടുപ്പിച്ച് ഒന്റാരിയോ സര്‍ക്കാര്‍. അനധികൃത കുടിയേറ്റക്കാര്‍ക്കും താത്കാലിക വീസയിലുള്ളവര്‍ക്കും ഇനിമുതല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് ഒന്റാരിയോ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി.
നേരത്തെ താത്കാലിക വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ശക്തമായി രംഗത്തുവന്നിരുന്നു. പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ പിന്തുണയ്ക്കുമെങ്കിലും നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് നികുതിപ്പണം നല്‍കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഒന്റാരിയോ വര്‍ക്‌സ് (Ontario Works), ഒന്റാരിയോ ഡിസെബിലിറ്റി സപ്പോര്‍ട്ട് പ്രോഗ്രാം (ODSP) എന്നിവയുടെ നിയമാവലികളിലാണ് ചില്‍ഡ്രന്‍, കമ്മ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് മന്ത്രാലയം മാറ്റം വരുത്തിയത്.

നിയമപരമായി താമസിക്കാന്‍ അനുമതിയുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ ഈ സഹായങ്ങള്‍ ലഭിക്കുക. പുതിയ നിയമ ഭേദഗതി പ്രകാരം, അനധികൃതമായി കാനഡയില്‍ താമസിക്കുന്നവര്‍ക്ക് പുറമെ സ്റ്റുഡന്റ് വീസ, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ താത്കാലിക വീസകളില്‍ എത്തിയവര്‍ക്കും ഇനി ഇത്തരം സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കില്ല.
