ഓട്ടവ: ചര്‍ച്ചില്‍ ഫോള്‍സ് (Churchill Falls) ജലവൈദ്യുത പദ്ധതിയുടെ പുതുക്കിയ കരാറുമായി ബന്ധപ്പെട്ട് ന്യൂഫിന്‍ലാന്റ് & ലാബ്രഡോറും കെബെക്കും തമ്മില്‍ നടത്തുന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി. ശേഷിക്കുന്ന തര്‍ക്കവിഷയങ്ങളില്‍ കൂടി പൂര്‍ണ്ണ ധാരണയാകുന്നതോടെ അടുത്ത ആഴ്ച ആദ്യവാരം ഇരു സര്‍ക്കാരുകളും കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.
ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ന്യൂഫിന്‍ലാന്റ് പ്രീമിയര്‍ ടോണി വെയ്ക്ക്ഹാമിന്റെ വക്താവ് ആഷ്ലി പൊളിറ്റി സ്ഥിരീകരിച്ചെങ്കിലും അന്തിമ കരാറില്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി. വിഷയത്തില്‍ കെബെക്ക് പ്രീമിയര്‍ ക്രിസ്റ്റീന്‍ ഫ്രെഷെറ്റിന്റെ ഓഫീസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഗള്‍ ഐലന്‍ഡ് ജലവൈദ്യുത പദ്ധതിയുടെ വികസനം കൂടി ഉള്‍പ്പെടുത്തി 2024 ഡിസംബറിലാണ് അന്നത്തെ ലിബറല്‍ സര്‍ക്കാര്‍ കെബെക്കുമായി പ്രാഥമിക ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. എന്നാല്‍ 2025 ഒക്ടോബറിലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ വിദഗ്ദ്ധ സമിതി പരിശോധനയില്‍ ഈ ധാരണാപത്രം ജനതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ജൂണില്‍ ഇരു പ്രവിശ്യകളും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചത്.
അതേസമയം, ഊര്‍ജ്ജ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടാതെ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതില്‍ പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുന്‍ ധാരണാപത്രത്തിന് സമാനമായ വ്യവസ്ഥകള്‍ തന്നെയാണ് പുതിയ കരാറിലും ഉള്ളതെന്നാണ് വിവരങ്ങളെന്നും, വിഷയത്തില്‍ പ്രീമിയര്‍ ടോണി വെയ്ക്ക്ഹാം ജനങ്ങളോട് കൂടുതല്‍ സുതാര്യത പുലര്‍ത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
