Friday, August 14, 2026

ടാറ്റ സണ്‍സ് തലപ്പത്തേക്ക് മലയാളി ?; ടി.വി നരേന്ദ്രനും പരിഗണനയില്‍

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിന്റെ അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി വേരുകളുള്ള ടി.വി. നരേന്ദ്രന്റെ പേരും സജീവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് ടാറ്റ സ്റ്റീലിന്റെ ഗ്ലോബല്‍ സി.ഇ.ഒയും എം.ഡിയുമായ ടി.വി. നരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

1988-ല്‍ ടാറ്റ സ്റ്റീലില്‍ കരിയര്‍ ആരംഭിച്ച ടി.വി. നരേന്ദ്രന് ഗ്രൂപ്പിനുള്ളിലെ ദീര്‍ഘകാല അനുഭവസമ്പത്താണ് പ്രധാന മേന്മ. മാര്‍ക്കറ്റിങ്, സെയില്‍സ്, ഇന്റര്‍നാഷണല്‍ ട്രേഡ്, സപ്ലൈ ചെയിന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ കഴിവ് തെളിയിച്ച അദ്ദേഹം 2013-ല്‍ ടാറ്റ സ്റ്റീല്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ എം.ഡിയായും 2017-ല്‍ ഗ്ലോബല്‍ സി.ഇ.ഒയായും ചുമതലയേറ്റു. നിലവില്‍ ടാറ്റ ഇന്റര്‍നാഷണല്‍ ഡയറക്ടറും ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (AIMA) പ്രസിഡന്റുമാണ്. മുന്‍പ് പ്രമുഖ വ്യവസായ കൂട്ടായ്മയായ സി.ഐ.ഐ (CII) അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളി എന്‍.ഐ.റ്റിയില്‍ നിന്ന് ബിരുദവും ഐ.ഐ.എം കൊല്‍ക്കത്തയില്‍ നിന്ന് എം.ബി.എയും കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിലേക്ക് എത്തിയത്.

എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ് ടി.വി. നരേന്ദ്രന്റെ തറവാട്. സ്വതന്ത്ര കൊച്ചിയിലെ പ്രമുഖ രാഷ്ട്രീയ നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകനാണ് അദ്ദേഹം.

ടി.വി. നരേന്ദ്രന് പുറമേ, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എം.ഡിയും സി.ഇ.ഒയുമായ ശൈലേഷ് ചന്ദ്രയുടെ പേരും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 1995 മുതല്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് ശൈലേഷ് ചന്ദ്ര. ടാറ്റ ട്രസ്റ്റുകളില്‍ നിന്നുള്ള മൂന്ന് പ്രതിനിധികളും ടാറ്റ സണ്‍സ് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ഒരു അംഗവും ഒരു സ്വതന്ത്ര അംഗവും ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് പുതിയ ടാറ്റ സണ്‍സ് ചെയര്‍മാനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!