Friday, August 14, 2026

‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’; UKയെ പരിഹസിച്ച് നെതന്യാഹു

ടെൽ അവീവ്: യുണൈറ്റഡ് കിങ്ഡത്തെ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’ എന്ന് പരിഹസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബ്രിട്ടീഷ് മാധ്യമങ്ങളുടെ ഇസ്രായേൽ വിരുദ്ധ റിപ്പോർട്ടിങ്ങിനെ വിമർശിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമർശം.

വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഇസ്രായേലി പോഡ്കാസ്റ്റിലാണ് നെതന്യാഹു ബ്രിട്ടനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 1967ലെ ആറുദിവസത്തെ യുദ്ധകാലത്ത് ഇസ്രായേലിന് അനുകൂലമായി റിപ്പോർട്ട് ചെയ്ത ബ്രിട്ടീഷ് എഴുത്തുകാരൻ റാൻഡോൾഫ് ചർച്ചിലിനെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഇന്നത്തെ ബ്രിട്ടനിൽ അത്തരമൊരു നിലപാട് കാണാനാകില്ലെന്നും അതിനാൽ രാജ്യത്തെ ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൻ’ എന്ന് വിളിക്കാമെന്നുമായിരുന്നു പരിഹാസം.

2022ൽ അമേരിക്കൻ രാഷ്ട്രീയപ്രവർത്തകൻ ജെ.ഡി. വാൻസ് നടത്തിയ ബ്രിട്ടനെക്കുറിച്ചുള്ള സമാന പരാമർശവും നെതന്യാഹു പോഡ്കാസ്റ്റിൽ ഉദ്ധരിച്ചു. ഇറാൻ ആണവായുധ ശേഷി നേടുന്ന സാഹചര്യം ഒഴിവാക്കാൻ ഇസ്രായേൽ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ജൂത സംഘടനകളുടെ വിമർശനം

നെതന്യാഹുവിന്റെ പരാമർശത്തിനെതിരെ ബ്രിട്ടനിലെ ജൂത സംഘടനകൾ രംഗത്തെത്തി. പ്രസ്താവന വിദ്വേഷവും സാമൂഹിക ഭിന്നതയും വളർത്തുന്നതാണെന്ന് മൂവ്മെന്റ് ഫോർ പ്രോഗ്രസീവ് ജൂദായിസത്തിന്റെ നേതാക്കളായ റബ്ബി ചാർലി ബാഗിൻസ്‌കിയും റബ്ബി ജോഷ് ലെവും വിമർശിച്ചു.

ബ്രിട്ടീഷ് ജൂതന്മാരുടെ പ്രതിനിധിയായി നെതന്യാഹുവിനെ കാണാനാകില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ തങ്ങളുടെ നിലപാടല്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്ത് വിദ്വേഷവും വംശീയതയും സാമൂഹിക വിഭജനവും വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങൾ അപകടകരമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഇസ്രായേൽ-യുകെ ബന്ധത്തിലും അസ്വാരസ്യം

2024ൽ ലേബർ പാർട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ ഇസ്രായേൽ-യുകെ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ശക്തമായിരുന്നു. കെയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയും ചില ആയുധ കയറ്റുമതി ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.

ഇസ്രായേൽ സർക്കാരിലെ തീവ്രവലതുപക്ഷ മന്ത്രിമാരായ ഇറ്റാമർ ബെൻ-ഗ്വിർ, ബെസാലെൽ സ്‌മോട്രിച്ച് എന്നിവർക്കെതിരെയും യുകെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!