ആലപ്പുഴ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ നടനുമായ ദേവന്‍ പാര്‍ട്ടി സ്ഥാനമാനങ്ങളും പ്രാഥമിക അംഗത്വവും രാജിവെച്ചു. ആലപ്പുഴ കണച്ചികുളങ്ങര ദേവീക്ഷേത്രത്തിലെ പൊതുവേദിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ നിര്‍ണ്ണായക പ്രഖ്യാപനം. രാജിക്കത്ത് ഉടന്‍തന്നെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്ന് അറിയിച്ച അദ്ദേഹം, നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
2021-ലാണ് തന്റെ നേതൃത്വത്തിലുണ്ടായിരുന്ന ‘കേരള പീപ്പിള്‍സ് പാര്‍ട്ടി’ ബിജെപിയില്‍ ലയിപ്പിച്ച് ദേവന്‍ സജീവ ബിജെപി പ്രവര്‍ത്തകനായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും രാജീവ് ചന്ദ്രശേഖറിന്റെയും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നില്‍ തനിക്ക് വലിയ പങ്കുണ്ടെന്ന് അവകാശപ്പെട്ട അദ്ദേഹം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചില അസൗകര്യങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നതായി സൂചിപ്പിച്ചു. എന്നാല്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരള ബിജെപിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടും തന്റെ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നില്ലെന്ന് ദേവന്‍ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്തല്ല ഈ തീരുമാനമെന്നും, കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ബിജെപി വിടാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
