Sunday, August 16, 2026

ലിംഗവൈവിധ്യത്തോടുള്ള കാനഡക്കാരുടെ പിന്തുണ കുറയുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

ഓട്ടവ: കാനഡയില്‍ ലിംഗവൈവിധ്യത്തെ (Gender Diversity) അംഗീകരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം വ്യക്തികള്‍ക്ക് തങ്ങളുടെ ലിംഗഭേദം തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം 2018-നെ അപേക്ഷിച്ച് 2025-ല്‍ ഗണ്യമായി കുറഞ്ഞതായി സര്‍വേ വ്യക്തമാക്കുന്നു.

2025-ല്‍ നടത്തിയ സര്‍വേയില്‍ 77 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്മാരുമാണ് ലിംഗപ്രകടന സ്വാതന്ത്ര്യത്തെ പിന്തുണച്ചത്. എന്നാല്‍ 2018-ല്‍ ഇത് യഥാക്രമം 85 ശതമാനവും 78 ശതമാനവുമായിരുന്നു. പ്രവിശ്യകളില്‍ സസ്‌കച്വാനിലാണ് ഏറ്റവും കുറഞ്ഞ പിന്തുണ രേഖപ്പെടുത്തിയത്. അവിടെ 69 ശതമാനം സ്ത്രീകളും 60 ശതമാനം പുരുഷന്മാരും മാത്രമാണ് ലിംഗവൈവിധ്യത്തെ അനുകൂലിച്ചത്. സസ്‌കച്വാനിലെ സ്ത്രീകളുടെ പിന്തുണയില്‍ 2018നെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ കുറവുണ്ടായി. സസ്‌കച്വാന്‍, ആല്‍ബര്‍ട്ട പ്രവിശ്യകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍, ലിംഗവൈവിധ്യമുള്ള യുവാക്കളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ നിയമനിര്‍മ്മാണങ്ങള്‍ (ഉദാഹരണത്തിന് 2023-ലെ പേരന്റ്‌സ് ബില്‍ ഓഫ് റൈറ്റ്‌സ്) ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനങ്ങളുടെ മാറിയ മനോഭാവത്തിന് പിന്നില്‍ ആശയക്കുഴപ്പവും ഭയവുമാണെന്ന് പേരന്റ്‌സ് ബില്‍ ഓഫ് റൈറ്റ്‌സിന് വേണ്ടി പ്രവര്‍ത്തിച്ച റെജീന സിവിക് അവെയര്‍നസ് ആക്ഷന്‍ നെറ്റ്വര്‍ക്ക് സ്ഥാപകന്‍ വെയ്ന്‍ ബെര്‍നാക്കെവിച്ച് അഭിപ്രായപ്പെട്ടു. വീട് കണ്ടെത്തുക, അത്യാവശ്യ ചെലവുകള്‍ നടത്തുക തുടങ്ങിയ ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ക്കിടയില്‍ ഇത്തരം വിഷയങ്ങള്‍ ജനങ്ങള്‍ക്ക് വലിയൊരു ശ്രദ്ധാതിരിപ്പായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാഷ്ട്രീയക്കാരുടെ പ്രസ്താവനകളും നിലപാടുകളുമാണ് ഈ മാറ്റങ്ങള്‍ക്ക് പ്രധാന കാരണമെന്ന് മൗണ്ട് റോയല്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ലീ ഹാമില്‍ട്ടണ്‍ പറഞ്ഞു. ജോലി, പാര്‍പ്പിടം തുടങ്ങിയ വിഭവങ്ങള്‍ക്കായി മത്സരം മുറുകുമ്പോള്‍ രാഷ്ട്രീയക്കാര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ബലികാടുകളാക്കാറുണ്ടെന്ന് മൗണ്ട് റോയല്‍ സര്‍വകലാശാലയിലെ വിമന്‍ ആന്‍ഡ് ജെന്‍ഡര്‍ സ്റ്റഡീസ് പ്രൊഫസര്‍ കൊറിന്‍ മേസണും കൂട്ടിച്ചേര്‍ത്തു.

2024 ഒക്ടോബര്‍ മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവിലാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ സര്‍വേ നടത്തിയത്. ഈ കാലയളവില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രചരിച്ച വിദ്വേഷ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും കാനഡയെ സ്വാധീനിച്ചിരിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജാക്ക് സാഡില്‍ബാക്ക് വ്യക്തമാക്കി. കൂടാതെ സസ്‌കച്വാന്‍ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെട്ടതും പിന്തുണ കുറയാന്‍ കാരണമായെന്ന് യൂണിവേഴ്‌സിറ്റി ഓഫ് റെജീനയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജെ വാലസ് സ്‌കെല്‍ട്ടണ്‍ പറഞ്ഞു.

മനോഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും, ലിംഗവൈവിധ്യമുള്ള വ്യക്തികള്‍ എപ്പോഴും സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ക്ക് ആവശ്യമായ പിന്തുണയും പരിചരണവും നല്‍കണമെന്നും സ്‌കെല്‍ട്ടണ്‍ ഓര്‍മ്മിപ്പിച്ചു. വിദ്വേഷ പ്രചാരണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുന്നത് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!