അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. യുഎഇ സന്ദർശനത്തിന്റെ ഭാഗമായി അബുദാബിയിലെ ബീച്ച് പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും നേതാക്കൾ വിലയിരുത്തി. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സമീപകാലത്ത് ഉണ്ടായ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള വിവിധ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം.

സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സംയുക്ത സഹകരണം വിപുലീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു.
