Wednesday, August 19, 2026

ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം; നാല് മരണം; 20 പേര്‍ ചികിത്സയില്‍, 10 പേര്‍ കസ്റ്റഡിയില്‍

ഭാവ്‌നഗര്‍: പൂര്‍ണ്ണ മദ്യ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് നാല് പേര്‍ മരിക്കുകയും ഇരുപതോളം പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിതരണക്കാരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തില്‍ ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ മദ്യസല്‍ക്കാരത്തിനിടെയാണ് ദുരന്തത്തിന്റെ തുടക്കം. മദ്യം കഴിച്ചതിന് പിന്നാലെ പങ്കെടുത്തവര്‍ക്ക് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. നിലവില്‍ 20 പേര്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലടക്കം ചികിത്സയിലാണെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) അറിയിച്ചു. ഇതില്‍ 12 പേര്‍ ഭാവ്‌നഗര്‍ സിറ്റി ആശുപത്രിയിലും, അഞ്ചുപേര്‍ ആരോഗ്യാം ആശുപത്രിയിലും, ഒരാള്‍ ബി.ഐ.എം.എസ് ആശുപത്രിയിലും, രണ്ടുപേര്‍ വേദ് ഐ.സി.യുവിലുമാണ്. ഇവര്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഗുജറാത്തിലെ ഭാവ്‌നഗര്‍ സ്വദേശികളും മധ്യപ്രദേശില്‍ നിന്നുള്ള സംഘവും ചേര്‍ന്നാണ് അന്തര്‍സംസ്ഥാന വ്യാജമദ്യ ശൃംഖല നടത്തിയിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വീര്യം കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ വ്യാജമദ്യം നിര്‍മ്മിച്ച്, വിലകൂടിയ പ്രമുഖ ബ്രാന്‍ഡുകളുടെ മദ്യക്കുപ്പികളില്‍ നിറച്ച് യഥാര്‍ത്ഥ മദ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്.

കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി മേഖലയില്‍ പ്രതികള്‍ വ്യാപകമായി ഈ വ്യാജമദ്യം വിതരണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. പരിശോധനയില്‍ മദ്യക്കുപ്പികള്‍ അടങ്ങിയ 15 പെട്ടികള്‍ പൊലീസ് പിടിച്ചെടുത്തു. കസ്റ്റഡിയിലുള്ള 10 പേരെയും ചോദ്യം ചെയ്തുവരികയാണെന്നും, സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!