Wednesday, August 19, 2026

വ്യാജ രാമക്ഷേത്ര പ്രസാദ വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ; നല്‍കിയത് സാധാരണ ലഡ്ഡുവും പേടയും

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന വ്യാജേന സാധാരണ മധുരപലഹാരങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ അനുവദിച്ചതിന് പ്രമുഖ ഇ-കോമേഴ്സ് ഭീമനായ ആമസോണിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് (സിസിപിഎ) ഈ നടപടി സ്വീകരിച്ചത്. 15 ദിവസത്തിനകം പിഴത്തുക അടച്ചുതീര്‍ക്കാന്‍ ആമസോണിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

‘ശ്രീ റാം മന്ദിര്‍ അയോധ്യ പ്രസാദ്’ എന്ന പേരില്‍ ‘ബിഹാരി ബ്രദേഴ്‌സ്’ എന്ന ബ്രാന്‍ഡില്‍ ചന്ദു ട്രേഡിങ് കമ്പനിയാണ് ആമസോണ്‍ വഴി നെയ്യ് ലഡ്ഡു, ഖോയ ലഡ്ഡു, ബൂന്ദി ലഡ്ഡു, പശുവിന്‍പാല്‍ പേട എന്നിവ വില്‍പന നടത്തിയിരുന്നത്. ‘ഭഗവാന്‍ രാമന്റെ അനുഗ്രഹം’ എന്ന അവകാശവാദത്തോടെയാണ് ഇവ വിപണനം ചെയ്തതെങ്കിലും, ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ യാതൊരുവിധ അനുമതിയും ഇതിനുണ്ടായിരുന്നില്ലെന്ന് സിസിപിഎ അന്വേഷണത്തില്‍ കണ്ടെത്തി. 2024 ജനുവരിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് നല്‍കിയ പരാതിയിലാണ് ഈ നടപടി.

വെറും ഇടനിലക്കാരന്‍ മാത്രമാണ് തങ്ങളെന്ന ആമസോണിന്റെ വാദം തള്ളിയ അതോറിറ്റി, പ്ലാറ്റ്ഫോമില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുന്നത് തടയാന്‍ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കി. ഇതോടൊപ്പം അയോധ്യ, തിരുപ്പതി, വൈഷ്‌ണോ ദേവി, ജഗന്നാഥ ക്ഷേത്രം അടക്കം 10 പ്രധാന മതസ്ഥാപനങ്ങളുടെ പേരുകളോ ‘പ്രസാദം’, ‘ഭോഗ്’ തുടങ്ങിയ വാക്കുകളോ ഔദ്യോഗിക അനുമതിയില്ലാതെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും സിസിപിഎ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!